PTI
പഞ്ചാബിലെ സാംഗ്രൂർ ജില്ലയിൽ ലെഹ്റഗാഗ മേഖലയിലെ ചോട്ടിയാൻ ഗ്രാമത്തിന് സമീപം ജാഖൽ റോഡിൽ കാർ ഇടിച്ചുകയറി എട്ട് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. റോഡ് നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്നിരുന്ന ഇരുപതിലധികം തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കാറിന്റെ ഡ്രൈവറായ റൈധ്റാന ഗ്രാമവാസി പർഗത് സിങ് കാലയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇയാൾ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
മരിച്ചവരിൽ ആറ് സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ട്. കർമ്ജീത് കൗർ, നിക്കി, സർബ്ജീത് കൗർ, രഞ്ജീത് കൗർ, കർമ്ജീത്, റാണി കൗർ എന്നിവരാണ് മരിച്ച സ്ത്രീകൾ. ജീവൻ സിങ്, ദേശ് രാജ് എന്നിവരാണ് മരിച്ച പുരുഷന്മാർ. മരിച്ചവരിൽ ഏഴുപേരും അലിഷേർ ഗ്രാമവാസികളാണെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം. അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റുള്ളവർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിച്ചവരും പരുക്കേറ്റവരും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. നിലവിൽ വിബി ജി-റാം-ജി (VB G-RAM-G) എന്ന ഔദ്യോഗിക പേരിലാണ് പദ്ധതി അറിയപ്പെടുന്നത്.
അപകടസ്ഥലത്തെത്തിയപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്ന് ദൃക്സാക്ഷികള് പറഞ്ഞു. കുറഞ്ഞത് 23 തൊഴിലാളികൾക്ക് പരുക്കേറ്റിരുന്നു. ഇവരിൽ നാലോ അഞ്ചോ പേരുടെ നില അതീവ ഗുരുതരമാണ്.
'ഞാൻ ഫാക്ടറിയിൽനിന്ന് എത്തിയപ്പോൾ ഗ്രാമവാസികൾ ആരും അവിടെ എത്തിയിരുന്നില്ല. അഞ്ചോ ആറോ മൃതദേഹങ്ങൾ സ്ഥലത്ത് കിടക്കുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം പാവപ്പെട്ട തൊഴിലാളികളാണ്,' അപകടവിവരമറിഞ്ഞ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയ സമീപത്തെ ഫാക്ടറിയിലെ ജീവനക്കാരനായ ഹർവീന്ദർ സിങ്് പറയുന്നു. പൊലീസ് സ്ഥലത്തെത്തി ഏകദേശം 15 മിനിറ്റിനുശേഷം പ്രതിയായ ഡ്രൈവർ രക്ഷപ്പെട്ടതായും ദൃക്സാക്ഷി ആരോപിച്ചു.
അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ചികിത്സ ലഭ്യമാക്കുന്നതിലെ കാലതാമസവും അദ്ദേഹം ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ആംബുലൻസിനായി വിളിച്ചിട്ടും അത് സ്ഥലത്തെത്താൻ ഏകദേശം ഒരു മണിക്കൂർ എടുത്തെന്നാണ് ആരോപണം. അപകടസ്ഥലത്തെത്തുന്നതിന് മുമ്പ് അധികൃതർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻഗണന നൽകിയെന്നും ഇതിനിടെ പരുക്കേറ്റവർ റോഡരികിൽ കിടന്ന് വേദന അനുഭവിക്കുകയായിരുന്നുവെന്നും മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.
അപകടത്തെത്തുടർന്ന് നിരവധി തൊഴിലാളികളും ഗ്രാമവാസികളും സ്ഥലത്ത് തടിച്ചുകൂടി. പ്രതിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചു. പഞ്ചാബ് കാബിനറ്റ് മന്ത്രി കൂടിയായ പ്രാദേശിക എംഎൽഎ ബരീന്ദർ കുമാർ ഗോയൽ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി. പഞ്ചാബ് കോൺഗ്രസ് നേതാവ് അമരീന്ദർ സിങ് രാജ വാറിങ്ങും സംഭവത്തെ 'ഹൃദയഭേദകം' എന്ന് വിശേഷിപ്പിച്ചു. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഡ്രൈവറെ പിടികൂടുന്നതിനായി വിവിധയിടങ്ങളിൽ പരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.