ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖ. ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ പെരുമാറ്റം മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവത്തിന് സമാനമാണെന്നും വെപ്രാളമാണ് അദ്ദേഹത്തിൽ കാണുന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൊല്ലം പുനലൂരിൽ നടന്ന ബിജെപി ജനജാഗ്രത സദസിലാണ് മുൻ ഡിജിപിയുടെ വിവാദ പരാമർശം. രാഹുല് ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പിയെല്ലാം എറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും അവര് പരിഹസിച്ചു.
ഗ്യാനേഷ് കുമാർ എസ്ഐആർ വളരെ ഭംഗിയായി നടത്തിയെന്നും അതുകൊണ്ടുതന്നെ എല്ലാവരും അദ്ദേഹത്തോട് നന്ദിയാണ് പറയേണ്ടതെന്നും ശ്രീലേഖ പറഞ്ഞു.
'ധൂര്ത്തിന്റെ ദുർഭരണമാണ് കേരളത്തില് കാണുന്നത്. അത് കൂടാതെ ഡൽഹിയിൽ പോയി പാറ്റകളുടെ കൂടെ ചേർന്ന് പ്രക്ഷോഭം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എസ്ഐആർ എന്നുപറയുന്നത് ഇന്നുവന്ന കാര്യമൊന്നും അല്ല. ഭാരതം ജനാധിപത്യ രാജ്യമായി മാറിയത് എന്നുമുതലാണോ അന്നുമുതൽ ഉള്ളതാണ് വോട്ടർ പട്ടിക പുതുക്കൽ. പത്തോ പന്ത്രണ്ടോ വർഷം കൂടുമ്പോൾ അത് നടക്കുന്നുമുണ്ട്.
ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള അനേകം നുഴഞ്ഞുകയറ്റക്കാർ ഇവിടെവന്ന് വോട്ട് ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇത് തടയാൻ വേണ്ടിയാണ് എസ്ഐആർ പോലുള്ള സംവിധാനം. അത് ഭംഗിയായി പൂർത്തിയാക്കിയ ഇലക്ഷൻ കമ്മിഷണറാണുള്ളത്. നമ്മൾ ഗ്യാനേഷ് കുമാറിനോട് നന്ദി പറയുകയാണ് വേണ്ടത്. ആർക്ക് പറ്റും ഇങ്ങനെ?
എൽഡിഎഫ് ഭരിക്കുമ്പോൾ ഉള്ള ഉദ്യോഗസ്ഥർ തന്നെയല്ലേ വോട്ടർ ലിസ്റ്റ് എല്ലാം കൊടുത്തത്. എന്നിട്ടിപ്പോൾ നാണമില്ലേ ഭരണഘടനയും പിടിച്ചുകൊണ്ട് പാറ്റകളോടൊപ്പം ചേർന്ന് പ്രക്ഷോഭം നടത്താൻ'- ആര്. ശ്രീലേഖ പറഞ്ഞു.