അഞ്ചുമാസം മുന്പായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിന്റെ ആ പരാമര്ശം; ‘പാറ്റകളെപ്പോലെ കുറേ യുവാക്കളുണ്ട്. ഒരു തൊഴിലുമില്ലാത്ത അവര് മാധ്യമപ്രവര്ത്തകരും സോഷ്യല് മീഡിയ ആക്ടിവിസ്റ്റുകളും ആര്ടിഐ ആക്ടിവിസ്റ്റുകളുമെല്ലാമാകും. ഭരണസംവിധാനത്തെ ആക്രമിക്കും’. തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്ന യുവാക്കളെ പ്രത്യേകിച്ച് ജെന് സീകളെ ഈ പരാമപര്ശം പ്രകോപിപ്പിച്ചു. പിന്നാലെ ഒരു പാര്ട്ടി ജനിച്ചു, ‘കോക്ക്റോച്ച് ജനതാ പാര്ട്ടി’. ഒരു ആക്ഷേപഹാസ്യം പോലെ തോന്നിച്ചെങ്കിലും കളി മാറിയത് പിന്നീടാണ്. ഒടുവില് അത് ധര്മ്മേന്ദ്ര പ്രധാന്റെ രാജിയിലും അതിനുശേഷം ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിലും വന്നെത്തിയിരിക്കുകയാണ്.
ഇതിനിടെ സിജെപിയുടെ ജന്തർ മന്തര് പ്രതിഷേധത്തിനു മുന്നോടിയായി രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്ത സുപ്രീം കോടതിയില് നിന്നും മറ്റൊരു പരാമര്ശവുമുണ്ടായി. ‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പുതിയ പരാമര്ശം. പിന്നാലെ സിജെപിയുടെ ചുവടു പിടിച്ച് പുതിയൊരു ‘പാര്ട്ടി’യും രൂപംകൊണ്ടു, 'മഖി ജനതാ പാർട്ടി' (Makhi Janta Party) അഥവാ എംജെപി. തുടങ്ങി മൂന്നു ദിവസത്തിനുള്ളില് മൂന്നു ലക്ഷം ഫോളോവേഴ്സാണ് എംജെപിയുടെ ഇന്സ്റ്റഗ്രാം പേജിന് ലഭിച്ചിരിക്കുന്നത്. 'കോക്രോച്ച് ജനതാ പാർട്ടിക്ക്' പിന്നാലെ പുതിയ പാർട്ടിയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
‘ചീഫ് ജസ്റ്റിസ് തന്നെ 'ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കില്ല എന്ന് പറഞ്ഞ സ്ഥിതിക്ക്, ഇനി ഈച്ചകളും പറയും ഞങ്ങളും ആരെക്കാളും ചെറുതല്ല’ എന്ന് കുറിച്ചുകൊണ്ടാണ് എംജെപിയുടെ ആരംഭം. ആര്യൻ എന്ന വിദ്യാർഥിയാണ് ഈ പാര്ട്ടിയുടെ സ്ഥാപകൻ എന്നാണ് അക്കൗണ്ടിൽ പറയുന്നത്. ഇൻസ്റ്റാഗ്രാം വിവരങ്ങൾ പ്രകാരം, 2021 ജൂണിൽ ആരംഭിച്ച് ഈ പേജ് പേര് മാറിയാണ് ‘മഖി ജനതാ പാര്ട്ടിയായത്’. നിലവിലെ പേരിലേക്ക് മാറുന്നതിന് മുൻപ് എട്ട് തവണ യൂസർനെയിം മാറ്റിയിട്ടുമുണ്ട്.
പൊതുവായപ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനും നിലവിലുള്ള അവസ്ഥയെ ചോദ്യം ചെയ്യുന്നതിനും ആക്ഷേപഹാസ്യവും നിരീക്ഷണങ്ങളും ഉപയോഗപ്പെടുത്തുക, ആളുകൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും, സംവാദിക്കുന്നതിനും, വ്യത്യസ്ത വീക്ഷണങ്ങൾ പങ്കുവെക്കുന്നതിനുമുള്ള വേദി സൃഷ്ടിക്കുക, പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും പൊതുതാൽപ്പര്യ വിഷയങ്ങളിൽ നിർമ്മാണാത്മകമായ നിർദ്ദേശങ്ങളും ശുപാർശകളും നല്കുക, കക്ഷിരാഷ്ട്രീയത്തേക്കാൾ ഉപരിയായി പൊതുജന അവബോധം, സംവാദം, പരിഹാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വതന്ത്ര കൂട്ടായ്മയായി നിലകൊള്ളുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എംജെപിയുടെ പോസ്റ്റില് പറയുന്നു. തങ്ങളുടെ യാത്രയിൽ പങ്കാളികളാകാൻ ഓരോ പൗരനെയും വിദ്യാർഥിയെയും എംജെപി ക്ഷണിച്ചിട്ടുണ്ട്.
മാത്രമല്ല, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്ന സിജെപിക്കും ഐസയുടെ നേഹ ബോറയ്ക്കും എംജെപി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ സംയുക്ത നീക്കങ്ങള് ആലോചിക്കുന്നതിനുമായി 'കോക്രോച്ച് ജനതാ പാർട്ടി'യുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മഖി ജനതാ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ജന്തർമന്തറിൽ സമരം നടത്തിയതിന് പിന്നാലെ സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തതിനെയും എംജെപി ചോദ്യം ചെയ്തിട്ടുണ്ട്.