ഡല്‍ഹിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാനെത്തിയവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത് ആശങ്കാജനകമെന്ന യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ. യുഎന്‍ മനുഷ്യാവകാശ ഓഫിസിന്റെ പ്രസ്താവന അനാവശ്യ ഇടപെടലെന്ന് ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. നിഷ്പക്ഷമായ വിലയിരുത്തല്‍ വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയും ഇടതു സംഘടനകളും ഇന്നലെ (ഒക്ടോബര്‍ 10) ജന്തര്‍ മന്തറിലേക്ക് പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാരെയും നേതാക്കളെയും കൂട്ടത്തോടെ ഡല്‍ഹി പൊലീസ് കസറ്റ്ഡിയിലെടുക്കുകയും നേതാക്കളെ അറസ്റ്റിലാക്കുകയുമായിരുന്നു. ഏഴായിരത്തോളം പേര്‍ ഇന്നലെ കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെയായിരുന്നു ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം പ്രസ്താവനയുമായി രംഗത്തെത്തിയത്.
സാധാരണ പൗരൻമാർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവരെയടക്കം കസ്റ്റഡിയിലെടുത്തതിൽ ആശങ്ക രേഖപ്പെടുത്തിയ യു.എൻ മനുഷ്യാവകാശ വക്താവ് തമീൻ അൽ-ഖീത്തൻ, പ്രതിഷേധക്കാരെ ഉപാധികളില്ലാതെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. സമാധാനപരമായ രീതിയിൽ ഒത്തുചേരാനുള്ള അവകാശം ഉറപ്പാക്കാനും ഇന്ത്യൻ അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം,അടിസ്ഥാനരഹിതമായ ആശങ്കയാണിതെന്ന് ഇന്ത്യ തിരിച്ചടിച്ചു. യുഎന്നിന്‍റേത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലാണെന്നും ജനീവയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി സംഘം പ്രതികരിച്ചു. 'ന്യൂഡൽഹി സംഭവവികാസങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ പരാമർശങ്ങൾ ഞങ്ങൾ കണ്ടു.
'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സമാധാനപരമായി ഒത്തുകൂടാനുള്ള അവകാശം ഭരണഘടന ഇവിടെ ഉറപ്പുനൽകുന്നുണ്ട്. സ്വതന്ത്രമായാണ് നീതിന്യായ സംവിധാനവും മാധ്യമ സ്വാതന്ത്ര്യവുമുണ്ട്. ഏതൊരു ജനാധിപത്യ രാജ്യത്തെയും പോലെ, പൊതുസമാധാനത്തിന് യോജിച്ച ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഇന്ത്യൻ പൗരന്മാർ ഈ അവകാശം വിനിയോഗിക്കുന്നത്. അധികാരികൾ അവരുടെ ഭാഗത്തുനിന്ന് നിയമപരമായി മാത്രമാണ് പ്രവർത്തിക്കുന്നത്, കൂടാതെ പരാതികൾക്ക് പരിഹാരം കാണാൻ കോടതികൾ എല്ലാവർക്കും ലഭ്യവുമാണ്. അതുകൊണ്ടുതന്നെ, OHCHRന്റെ ആശങ്കകൾ അസ്ഥാനത്തുള്ളതും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലുമാണ്.'- ജനീവയിലെ പെർമനന്റ് മിഷന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അതേസമയം കസ്റ്റഡിയിലെടുത്ത എല്ലാ പ്രതിഷേധക്കാരെയും പൊലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെയും മറ്റ് നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, യുട്യൂബര്‍ ധ്രുവി റാഠി എന്നിവരെ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഇവരെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിേഷധം ഇന്നും കടുപ്പിക്കാനാണ് സിജെപിയുടെയും ഇടതുപാര്‍ട്ടികളുടെയും തീരുമാനം. രാവിലെ പത്തിന് ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരണമെന്നും എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാമെന്നും സിജെപി നേതാവ് അജിന്‍ക്യ ഷിന്‍ഡെ വ്യക്തമാക്കി. സിജെപി പ്രതിഷേധത്തിനൊപ്പം എസ്എഫ്ഐ,ഐസ, എഐഎസ്എഫ് എന്നിവരും ചേരും.