മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരായ ജെന്‍സീ പ്രക്ഷോഭത്തില്‍ തിളച്ച് ഡല്‍ഹി. പരമ്പരാഗത സമരവേദിയായ ജന്തര്‍മന്തറിലേക്ക് ഈച്ച പോലും കടക്കാന്‍ അനുവദിക്കാതെ കൊട്ടിയടച്ചു. സമരം തടയാന്‍ രാജ്യതലസ്ഥാനം തന്നെ കസ്റ്റഡിയിലാക്കി ഡല്‍ഹി പൊലീസിനെ ഞെട്ടിച്ചാണ് ദില്ലി ഹാട്ടിലേക്ക് ഐസ പ്രതിഷേധം മാറ്റിയത്. അപ്രതീക്ഷിത നീക്കത്തില്‍ പതറിയ പൊലീസ് വിദ്യാര്‍ഥികളെ വലിച്ചിഴച്ചാണ് ഒഴിപ്പിച്ചത്. ഐഷി ഉള്‍പ്പെടെ നേതാക്കളെ വിട്ടത് ഏഴുമണിയോടെയാണ് വിട്ടയച്ചത്.
നാളെയും പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. തുടര്‍ സമരം ചര്‍ച്ച ചെയ്യാന്‍ പിബി യോഗം ചേരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി മനോരമ ന്യൂസിനോട് പറഞ്ഞു. രാജ്യത്ത് നടക്കുന്നത് അസാധാരണ സാഹചര്യമെന്നും ബേബി പറഞ്ഞു. എഐഎസ്എഫും എസ്എഫ്ഐയും നാളെ പ്രതിഷേധിക്കും. ഡല്‍ഹി കൊണാട് പ്ലേസില്‍ NSU പ്രതിഷേധിച്ചു. വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ജാമിയയിലെ NSU നേതാവ് എബിന്‍ ബേസിലിന് പരുക്കേറ്റു.
ഡല്‍ഹി പൊലീസിനെതിരെ എം.എ ബേബി സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയാണ് ഹര്‍ജി. കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. ഡല്‍ഹി പൊലീസിനെതിരായ കോടതി അലക്ഷ്യ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. എം.എ.ബേബി ഉള്‍പ്പെടെയുള്ളവരാണ് പരാതിക്കാര്‍. മെട്രോ സ്റ്റേഷന്‍ അടയ്ക്കരുത് എന്നതുള്‍പ്പെടെ ലംഘിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇന്നലത്തെ കോടതി ഉത്തരവ് പാലിച്ചില്ലെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. അതേസമയം, നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി മെട്രോ രാത്രി പത്തുമണി വരെ തുറക്കില്ല. നാല്‍പ്പത്തിയഞ്ച് സ്റ്റേഷനുകളാണ് സമരത്തിന്‍റെ ഭാഗമായി അടച്ചത്.
ഡല്‍ഹിയില്‍ യുവപ്രതിഷേധം ഇരമ്പിയ പകലാണ് കടന്നുപോയത്. ഡല്‍ഹിയില്‍ എത്തിയ സി.ജെ.പി നേതാക്കളെ വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പിണറായി വിജയനടക്കം മുതിര്‍ന്ന നേതാക്കളെയും നഗരത്തിലേക്കെത്തിയ സമരക്കാരെയും കസ്റ്റഡിയിലെടുത്തു. ഇതോടെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളെ പ്രതിഷേധവേദിയാക്കി പ്രവര്‍ത്തകര്‍. സമരക്കാരെ ഭയമില്ല എന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ പക്ഷേ നാലുപേര്‍ ഒന്നിച്ചുകൂടിയിടത്തെല്ലാം ചെറുപ്പക്കാരെ ഓടിച്ചിട്ട് പിടിച്ച് തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. ബാരിക്കേഡുകള്‍ വച്ചും മെട്രോസര്‍വീസുകള്‍ നിര്‍ത്തിവച്ചും അര്‍ധസൈനികവിഭാഗത്തെയിറക്കിയും നേതാക്കളെ കസ്റ്റഡിയിലെടുത്തും സമരത്തെ തടസപ്പെടുത്തി. യുട്യൂബര്‍ ധ്രുവ് റാഠിയെ രാവിലെതന്നെ ഗുരുഗ്രാമിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പത്തുമണിക്ക് ഇന്ദിരാഗാന്ധി രാജ്യാന്തരവിമാനത്താവളത്തില്‍ എത്തിയ വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പൊലീസ് സംഘം സിജെപി നേതാക്കളായ അഭിജിത് ദീപ്കെ , അശുതോഷ് റാങ, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.