കോക്രോച്ച് ജനതാപാര്‍ട്ടി ജന്തര്‍ മന്തറില്‍ രണ്ടാം സമരം തുടങ്ങും മുന്‍പുതന്നെ നരേന്ദ്രമോദി തോല്‍വി സമ്മതിച്ചിരിക്കുന്നുവെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ. ‘ഡല്‍ഹി സ്തംഭിപ്പിച്ചതും പ്രതിഷേധക്കാരെ കൂട്ടമായി അടിച്ചമര്‍ത്തുന്നതും കസ്റ്റഡിയിലെടുക്കുന്നതും കരുത്തിന്‍റെ ലക്ഷണമല്ല, മറിച്ച് സ്വന്തം ജനങ്ങളെ ഭയക്കുന്ന ഒരു നേതാവിന്‍റെ ലക്ഷണമാണ്.’ മുംബൈയില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കുംമുന്‍പ് ദീപ്കെ എക്സില്‍ കുറിച്ചു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജിയും വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആർ) റദ്ദാക്കലും ആവശ്യപ്പെട്ടാണ് സിജെപി ജന്തര്‍ മന്തറില്‍ രണ്ടാം പ്രക്ഷോഭത്തിനിറങ്ങുന്നത്. ഇതിന് നേതൃത്വം നല്‍കാന്‍ രാവിലെ 6.50ന് മുംബൈ വർളിയിലെ ഹോട്ടലിൽ നിന്നാണ് ദീപ്കെ മുംബൈ വിമാനത്താവളത്തിലേക്ക് തിരിച്ചത്. ഡല്‍ഹിയില്‍ ട്രെയിനുകൾ റദ്ദാക്കിയതും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഭയന്നിരിക്കുകയാണെന്ന് മുംബൈ വിമാനത്താവളത്തിൽ വെച്ച് ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞു.
അനുമതി നിഷേധിച്ച് പൊലീസ്
സുരക്ഷാ കാരണങ്ങളും ഔദ്യോഗിക ചട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് സിജെപി പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. ന്യൂഡൽഹി മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളും മാര്‍ക്കറ്റുകളും അടച്ചിട്ടു. പള്ളികളിലടക്കം പൊലീസ് കയറി പ്രക്ഷോഭത്തില്‍ പങ്കെടുക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.