കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിനു മുന്നോടിയായി രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ജനങ്ങളുടെ സഞ്ചാരത്തെ ബാധിക്കുന്ന രീതിയിൽ ഗതാഗത സൗകര്യങ്ങൾ പൂർണമായി നിർത്തിവയ്ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള ഭരണഘടനാപരമായ അവകാശം ഉയർത്തിപ്പിടിച്ച കോടതി, പ്രതിഷേധങ്ങൾ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടായിരിക്കണമെന്നും ഓർമിപ്പിച്ചു. ഡൽഹിയിലെ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
സമരം നേരിടാൻ ഡൽഹി അടച്ചിടരുതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’ എന്ന നിരീക്ഷണവും നടത്തി. എല്ലാം തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകരുത്. എല്ലാവർക്കും പ്രതിഷേധിക്കാൻ സ്വാതന്ത്ര്യമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കാനും അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാർ, ചെറുപ്പക്കാർ, മുതിർന്ന പൗരന്മാർ എന്നിവരെ കടുത്ത നിയന്ത്രണങ്ങൾ ബാധിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി.
സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. റോഡുകൾ അടച്ചിടുന്നതു പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഏതെല്ലാം പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും എവിടെയൊക്കെ അവ ഒഴിവാക്കാനാകുമെന്നും കൃത്യമായി വിലയിരുത്താൻ നിർദേശിച്ചു. മെട്രോ ട്രെയിനുകളുടെ സർവീസുകൾ പൂർണമായി നിർത്തിവയ്ക്കുന്നതിനു പകരം, ട്രെയിനുകൾക്കിടയിലെ ഇടവേള വർധിപ്പിച്ച് സർവീസുകളുടെ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കഴിഞ്ഞ ജൂലൈയിൽ നടന്ന സിജെപി പ്രതിഷേധവും അന്നുണ്ടായ അക്രമസംഭവങ്ങളും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. റെയിൽവേ, മെട്രോ സ്റ്റേഷനുകളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാരുമായി ചർച്ച നടത്തുമെന്നും സാഹചര്യത്തിന് അനുയോജ്യമായ അനുപാതിക നടപടികൾ സ്വീകരിക്കുമെന്നും മേത്ത കോടതിയെ അറിയിച്ചു.
സിജെപി ജന്തർ മന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തെത്തുടർന്ന് ഡൽഹിയിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ഒൻപത് വെള്ളിയാഴ്ച രാത്രി ഒൻപതു മുതൽ രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ന്യൂഡൽഹി, മാണ്ഡി ഹൗസ്, കശ്മീരി ഗേറ്റ് തുടങ്ങിയ പ്രധാനപ്പെട്ട 57 മെട്രോ സ്റ്റേഷനുകളിലെ പ്രവേശന, പുറത്തുകടക്കൽ കവാടങ്ങൾ അടച്ചിടണമെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷനോട് പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ നാലു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലെത്തേണ്ട നിരവധി ട്രെയിനുകളുടെ സർവീസുകൾ ആരംഭ സ്റ്റേഷനുകളിൽവച്ചുതന്നെ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 23,000-ത്തോളം കേന്ദ്ര സായുധ പൊലീസ് സേനാ (സിഎപിഎഫ്) ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമുള്ള ക്യാമറകളും സിസിടിവികളും ഉപയോഗിച്ച് കൺട്രോൾ റൂം വഴി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം നിരോധനാജ്ഞ നിലവിലുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പത്തു ദിവസം മുമ്പ് മുൻകൂർ അപേക്ഷ നൽകാത്തതും മുൻ പ്രതിഷേധങ്ങളിലെ മാർഗനിർദേശ ലംഘനങ്ങളും കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്ന് പൊലീസ് അറിയിച്ചു.