സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിന് നേരിടുന്ന തടസങ്ങളിൽ വിമർശനം കടുപ്പിച്ച് ഇലോൺ മസ്‌ക്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ ഉന്നമിട്ടായിരുന്നു മസ്കിന്റെ വിമർശനം. 'അംബാനിയാണോ ഇന്ത്യയുടെ യഥാർഥ ബോസ്?' എന്ന ചോദ്യമാണ് മസ്ക് എക്സിലൂടെ ഉയർത്തിയത്.

തന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് അനുവദിക്കാത്തതിലാണ് മസ്കിന്റെ വിമർശനം. സ്റ്റാർലിങ്കിന് 165ലേറെ രാജ്യങ്ങളിൽ ലൈസൻസുണ്ട്. സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ വർഷങ്ങളായി പരിശ്രമം തുടരുകയാണ്. എല്ലാ നിയമങ്ങളും പാലിക്കാൻ ശ്രമിച്ചിട്ടും സ്റ്റാർലിങ്കിന് ഇതുവരെ ലൈസൻസ് ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് മസ്‌ക് ചോദിച്ചു.

ഇന്ത്യയിലെ സർക്കാരിന്റെ ഓരോ നിയമവും ആവശ്യകതയും പാലിക്കുന്നതിനായി അഞ്ച് വർഷമായി കമ്പനി പ്രവർത്തിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും സ്റ്റാർലിങ്കിന് ലൈസൻസ് ലഭിക്കാത്തത്? അംബാനിയാണോ ഇന്ത്യയുടെ യഥാർഥ ബോസ്?' എന്നായിരുന്നു പ്രകോപനപരമായ മസ്കിന്റെ  ചോദ്യം. 

മസ്‌കിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. 'ഇലോൺ, ഇന്ത്യയിലേക്ക് സ്വാഗതം. മറ്റേയാളെ കണ്ടെത്തുന്നതുവരെ കാത്തിരിക്കൂ' എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അല്ലെങ്കിൽ വ്യവസായി ഗൗതം അദാനിയെയോ ആണ് രാഹുൽ ഉന്നമായിട്ടതെന്നാണ് പലരും വിലയിരുത്തുന്നത്. രാഹുൽ ഗാന്ധിയുടെ ട്വീറ്റിനോട് മസ്‌കും പ്രതികരിച്ചു. ‘നന്ദി, രാഹുൽ. ഇത് കൂടുതൽ ആശങ്കപ്പെടുത്തുന്ന കാര്യമാണ്’ എന്നാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ഇലോൺ മസ്ക് കുറിച്ചത്.

ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയിൽ കുത്തക പുലർത്തുന്ന ടെലികോം ഭീമന്മാരാണ് സ്റ്റാർലിങ്കിന്റെ വരവ് വൈകിപ്പിക്കുന്നതെന്ന് മസ്‌ക് നേരത്തെയും ആരോപിച്ചിരുന്നു. ഡിഷ് ടിവി സേവനത്തിന് സമാനമായി കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകൾ വഴിയാണ് സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് സ്റ്റാർലിങ്കിന്  ലഭിച്ചെങ്കിലും അന്തിമ സുരക്ഷാ അനുമതികൾ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം.

ENGLISH SUMMARY:

Elon Musk Starlink India controversy highlights the ongoing debate over satellite internet licensing and market competition in the country. The billionaire entrepreneur openly questioned regulatory delays, drawing sharp reactions from political leaders like Rahul Gandhi.