മുഖ്യതിഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹിയെ ഇളക്കിമറിച്ച് പ്രതിപക്ഷ പ്രതിഷേധം. കൊണാട് പ്ലേസില്‍ നിന്നും ബസില്‍ രാജ്ഘട്ടിലെത്തിയ ഇന്ത്യസഖ്യ എം.പിമാര്‍ ഗാന്ധി സ്മൃ‍തിയില്‍ സമരം തുടരുകയാണ്. രാജ്ഘട്ടിലേക്ക്  മൂന്ന് ബസുകളിലായി നാല് കിലോമീറ്ററോളം എംപിമാര്‍ സഞ്ചരിച്ചെങ്കിലും   മാര്‍ച്ചിനെ ഒരുഘട്ടത്തിലും പൊലീസ് തടഞ്ഞില്ല. ഗ്യാനേഷിനും കേന്ദ്രസര്‍ക്കാരിനുമെതിരായ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് പ്രവര്‍ത്തകരും രാജ്ഘട്ടില്‍  തടിച്ചുകൂടിയിട്ടുണ്ട്. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി  രാജ്ഘട്ടിന് മുന്നില്‍ നടത്തുന്ന പ്രതിഷേധവും തുടരുന്നുണ്ട്. ഭരണഘടന തകര്‍ക്കാന്‍  ഗൂഢാലോചന നടന്നെന്ന് രാഹുല്‍ ഗാന്ധിയും  സ്വാതന്ത്ര്യ സംരക്ഷണത്തിനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും പറഞ്ഞു. 

കഴിഞ്ഞ രണ്ടുദിവസവും പ്രയോഗിച്ച അതേ സമരരീതിയാണ് ഇന്നും ഇന്ത്യാ സഖ്യ എം.പിമാര്‍ സ്വീകരിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം കൊണാട് പ്ലേസില്‍ നിന്നും മൂന്ന് ബസുകളിലായി രാജ്ഘട്ടിലേക്ക്. ഒരിടത്തും പൊലീസ് തടസം നിന്നില്ല എന്നത് ശ്രദ്ധേയമായി. പ്രതിഷേധം മൂന്നാംദിനം ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇന്ത്യ സഖ്യ നേതാക്കളും പ്രവര്‍ത്തകരും ഡല്‍ഹി കൊണാട്ട് പ്ലേസിലേക്ക് എത്തി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊണാട്ട് പ്ലേസില്‍. തുടര്‍ന്ന് രാജ്ഘട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ധര്‍ണ. ഇതിനിടെ പ്രവര്‍ത്തകരും കേന്ദ്ര സേനാംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 

Also read: ‘രാഹുല്‍ജിയെ കാണാന്‍ അനുവാദമില്ലെങ്കില്‍ അറസ്റ്റ് ചെയ്യൂ; ഒറ്റക്കെട്ടായി ഇന്ത്യാ സഖ്യം എംപിമാര്‍


ഇന്ത്യാസഖ്യ എംപിമാര്‍ ബസുകളിലേക്ക് കയറി. മൂന്നേകാലോടെ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും മാധ്യമങ്ങളെ കാണുന്നു. പിന്നാലെ  ബസുകള്‍ രാജ്ഘട്ടിലേക്ക്. DDU മാര്‍ഗ് അടച്ചു. വിവേകാനന്ദ മാര്‍ഗിലൂടെ രാജ് ഘട്ടിലേക്ക്. ബസുകള്‍ തടയാതെ പൊലീസ്, നാലരയോടെ ആസഫ് അലി റോഡിലൂടെ മുന്നോട്ട്. മാര്‍ച്ചിന്റെ മുന്‍ നിര നാലരക്ക് രാജ്ഘട്ടിലെത്തി.  ബാരിക്കേഡ് നീക്കി, പ്രവര്‍ത്തകര്‍ രാജ്ഘട്ടിലേക്ക് പ്രവേശിച്ചു. ഏറ്റവും ഒടുവിലായി രാഹുല്‍ ഗാന്ധി സഞ്ചരിച്ച ബസ് രാജ്ഘട്ടിലെത്തി. 

ബെംഗളൂരുവില്‍ സി.ജെ.പി പ്രതിഷേധം

ഗന്യേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ബെംഗളൂരുവിലും സി.ജെ.പി പ്രതിഷേധം. അടുത്ത വിക്കറ്റ് ഗന്യേഷിന്റേതാണെന്ന അഭിജിത് ദീപ്കെയുടെ ഒളിയമ്പിനെ ആരവങ്ങളോടെയാണ് യുവാക്കൾ സ്വീകരിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ വഞ്ചകനാണ് ഗ്യാനേഷെന്ന് ധ്രുവ് റാഠിയും വിമർശിച്ചു

സിജെപി നേതാക്കളായ അഭിജിത് ദീപ്കെയും സൗരവ് ദാസും നേരിട്ടെത്തിയ ഫ്രീഡം പാർക്കിലെ പ്രതിഷേധം ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ യുവജന പ്രതിഷേധങ്ങളിലൊന്നായി മാറി. നരേന്ദ്ര മോദിയുടെ സ്ഥിരം വിമർശകൻ ധ്രുവ് റാഠിയും പ്രതിഷേധത്തിനെത്തിയതോടെ ഫ്രീഡം പാർക്കിലേക്ക് യുവാക്കൾ ഒഴുകിയെത്തി. കർണാടകയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ ബിജെപി കൈ കടത്തലിനെതിരെ നിരന്തരം ശബ്‌ദം ഉയർത്തുന്ന നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജായിരുന്നു പ്രതിഷേധത്തിന്റെ മുഖ്യസംഘാടകൻ. വോട്ട് ചോർ ഗദ്ദി ചോർ മുദ്രാവാക്യത്തോടെ പ്രതിഷേധങ്ങൾക്ക് തുടക്കം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് മോദിയുടെ തന്ത്രമാണെന്നും ജനാധിപത്യത്തെ മോദി കശാപ്പ് ചെയ്യുകയാണെന്നും അഭിജിത് ദീപ്കെ ആരോപിച്ചു. 

മോദി വോട്ട് ചോർച്ച നടത്തിയതിന് തെളിവുണ്ടെന്നും രാജ്യം കണ്ട ഏറ്റവും വലിയ വഞ്ചകനാണ് ഗ്യാനേഷ് കുമാറെന്നും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി വിമര്‍ശിച്ചു. 

ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് അറുപത് ലക്ഷത്തോളം ജനങ്ങളെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ ആയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ജനകീയ കോടതി മാതൃകയിൽ നടന്ന പ്രതിഷേധത്തിന് പിന്തുണയുമായി എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകളും സാമൂഹിക പ്രവർത്തകരും ഫ്രീഡം പാർക്കിലെത്തി. കർണാടകയിലെ വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചപ്പൽ പ്രൊട്ടസ്റ്റും ബെംഗളൂരുവിൽ അരങ്ങേറി. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പങ്കെടുക്കണമെന്ന് സിജെപി നേതാക്കൾ യുവാക്കളോട് ആഹ്വാനം ചെയ്തു

ENGLISH SUMMARY:

INDIA alliance protest Delhi is the central focus as opposition parties continue their massive demonstration for the third consecutive day demanding the resignation of Chief Election Commissioner Gyanesh Kumar. Leaders like Rahul Gandhi and Mallikarjun Kharge led the march to Rajghat while youth demonstrations erupted in Bangalore.