delhi-security-restrictions

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ തുടരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ജനപഥ്- കർത്തവ്യ പഥ് ക്രോസിങ്ങിന് ചുറ്റുമുള്ള നാല് കിലോമീറ്റർ ചുറ്റളവിൽ 24 മണിക്കൂർ നേരത്തേക്കുള്ള മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ നിയന്ത്രണം നിലവില്‍ വന്നു. ഇന്ന് രാത്രി 10 മണി മുതൽ ശനിയാഴ്ച (ഒക്ടോബർ 10) രാത്രി 10 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി പൊലീസിന്റെ നിർദ്ദേശത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അംഗീകാരം നൽകിയിട്ടുണ്ട്.

ജനപഥ്- കർത്തവ്യ പഥ് ക്രോസിങ്ങിന് ചുറ്റുമുള്ള നാല് കിലോമീറ്റർ ചുറ്റളവിനുള്ളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് മാത്രമായിരിക്കും നിരോധനം ബാധകമാകുക. തലസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങളെ ഇത് ബാധിക്കില്ല. തെറ്റായ വിവരങ്ങളും വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നതും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നതും തടയാനാണ് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കിയതെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.

അതേസമയം, നാളത്തെ സമരം കണക്കിലെടുത്ത് കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. നിരവധി വിദ്യാർഥി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. 57 മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ ഡിഎംആര്‍സി അടച്ചു. കാൽലക്ഷത്തോളം കേന്ദ്രസേനാംഗങ്ങളെയും 15,000 ഡൽഹി പൊലീസ് അംഗങ്ങളെയും പ്രതിഷേധം നേരിടാൻ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. നഗരഹൃദയത്തിലെ 37 ഇടങ്ങളിലാണ് ബാരിക്കേഡുകള്‍ വച്ചിട്ടുള്ളത്. ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമുള്ള ക്യാമറകളും സിസിടിവികളും ഉപയോഗിച്ച് കൺട്രോൾ റൂം വഴി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം നിരോധനാജ്ഞ നിലവിലുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സിജെപി സമരം കണക്കിലെടുത്ത് ഡല്‍ഹി നഗരം അടച്ചിടുന്ന സാഹചര്യം ഉണ്ടാവരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത നിയന്ത്രണങ്ങളേ പാടുള്ളൂ. ഈച്ചയെ കൊല്ലാന്‍ ചുറ്റിക ഉപയോഗിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.  

ENGLISH SUMMARY:

Stringent security restrictions have been enforced in New Delhi ahead of the Cockroach Janata Party's (CJP) protest at Jantar Mantar demanding the resignation of Chief Election Commissioner Gyanesh Kumar. The Union Home Ministry approved a 24-hour mobile internet ban across a four-kilometer radius around the Janpath-Kartavya Path crossing from Friday night to Saturday evening to prevent misinformation and maintain law and order. Authorities have deployed nearly 40,000 security personnel, placed student leaders under house arrest, closed 57 metro station gates, and implemented facial recognition surveillance across Central Delhi. Concurrently, the Supreme Court cautioned the Centre against shutting down the capital city, remarking that restrictions should not inconvenience the public unnecessarily.