ഷൂസും ട്രാക്ക്​ സ്യൂട്ടുമണിഞ്ഞ് മറ്റ് മത്സരാര്‍ഥികള്‍ മാറ്റുരച്ചപ്പോള്‍ നഗ്നപാദയായി സാരിയുടുത്ത് അവള്‍ ഓടി. കാരണം ആ ഹോം ഗാര്‍ഡ് ജോലി അവള്‍ക്ക് അത്യാവശമാണ്. രണ്ട് മക്കളെ പഠിപ്പിക്കാനും മരിച്ചുപോയ ഭര്‍ത്താവിന്‍റെ മാതാപിതാക്കളെ പരിചരിക്കാനുള്ള വക കണ്ടെത്താനും. ആറ് മിനിറ്റില്‍ 1600 മീറ്റര്‍ ഓടിയ കവിതയുടെ ആ ഓട്ടം രാജ്യാന്തരശ്രദ്ധ നേടി. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ നിന്നുള്ള കവിത മഹാതോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമാണ്. രാംഗഡിലെ 284 ഹോം ഗാർഡ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവിലാണ് കവിത പങ്കെടുത്തത്. 

മൂന്ന് വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ കുടുംബത്തിന്റെ ഏക അത്താണിയായി കവിത. രണ്ട് ചെറിയ മക്കളെ വളർത്താനും ഭർത്താവിന്റെ വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതിനും ഒരു ചൂളയിൽ ജോലി ചെയ്താണ് അവൾ വക കണ്ടെത്തുന്നത്. ട്രാക് സ്യൂട്ടോ റണ്ണിങ് ഷൂസോ വാങ്ങാൻ പണമില്ലാത്തതിനാല്‍, എന്നും പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് സാരിയുടുത്ത് ഓടിയാണ് കവിത പരിശീലനം നടത്തിയിരുന്നത്. 

വിഡിയോ വൈറലായതിനെത്തുടർന്ന്, പ്രാദേശിക റണ്ണിങ് അക്കാദമിയിലെ അംഗങ്ങൾ വീട്ടിലെത്തി കവിതയെ ആദരിച്ചു. റിക്രൂട്ടമെന്‍റിന്‍റെ ട്രയൽ ഘട്ടമാണ് പൂര്‍ത്തിയായത്. അന്തിമ ഘട്ടത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഹോം ഗാര്‍ഡ് തസ്തികയില്‍ വനിതകൾക്ക് 50% സംവരണമുണ്ട്. വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും 5% അധിക സംവരണവുമുണ്ട്.

ENGLISH SUMMARY:

A 30-year-old widow from Ramgarh district in Jharkhand, Kavita Mahato, went viral nationwide after running barefoot in a traditional saree to complete a 1,600-meter physical trial for a Home Guard recruitment drive in six minutes. Following her husband's death three years ago, Kavita became the sole breadwinner for her two young children and her late husband's elderly parents, relying on grueling daily labor at a brick kiln. Unable to afford proper running gear or athletic shoes, she woke up at 4:00 AM every day to train in her saree. Following the trial's completion, members of a local running academy visited her house to honor her determination as final selection procedures proceed.