മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് രാജ്യതലസ്ഥാനത്തെ ആകാശവാണി ഭവൻ വളപ്പിൽ ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധ സത്യാഗ്രഹം ഡൽഹി പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നു. ആറു മണിക്കൂറിലേറെ നീണ്ട സമാധാനപരമായ കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പോലീസും കേന്ദ്ര സേനയും ചേർന്ന് വളഞ്ഞ് കസ്റ്റഡിയിലെടുത്തു.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങി സമരത്തിലുണ്ടായിരുന്ന ഭൂരിഭാഗം എം.പിമാരെയും കസ്റ്റഡിയിലെടുത്ത് വാഹനങ്ങളിലേക്ക് മാറ്റി. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തെ നേതാക്കളും കൂടെയുള്ളവരും ശക്തമായി പ്രതിരോധിച്ചതോടെ സ്ഥലത്ത് അതീവ സംഘർഷാവസ്ഥ നിലനിന്നിരുന്നു.
വോട്ടിംഗ് ക്രമക്കേടുകൾ ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നേരിട്ട് നിവേദനം നൽകാൻ എത്തിയ മുന്നൂറോളം വരുവന്ന ജനപ്രതിനിധികളെ പോലീസ് തടഞ്ഞതോടെയാണ് ആകാശവാണി ഭവനകത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിശ്ശബ്ദ സത്യാഗ്രഹം ആരംഭിച്ചത്. സമരം നീണ്ടതോടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രിയങ്ക ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തുകയും സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷണറുമായി കൂടിക്കാഴ്ച നടത്താതെ പിന്തിരിയുകയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും. തുടർന്ന്, പൊലീസ് സ്ഥലത്തെത്തുകയും എം.പിമാർ തീർത്ത സുരക്ഷാവലയം ഭേദിച്ച് ഓരോരുത്തരെയായി ബലം പ്രയോഗിച്ച് നീക്കുകയുമായിരുന്നു.
ആകാശവാണി ഭവനകത്തും പുറത്തും തടിച്ചുകൂടിയ പ്രതിഷേധക്കാരെയും കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ പ്രവർത്തകരെയും പൊലീസ് വാഹനങ്ങളിൽ കയറ്റി മാറ്റിയിട്ടുണ്ട്. ജലപീരങ്കികളും കണ്ണീർവാതക സംവിധാനങ്ങളുമായി വൻ പൊലീസ് വ്യൂഹമാണ് ആകാശവാണി റോഡിലും ജന്തർമന്തർ പരിസരത്തും നിലയുറപ്പിച്ചിരിക്കുന്നത്.