indigo-flight

ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ ഇൻഡിഗോ വിമാനകമ്പനി ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളിലെ ഇന്ധന സർചാർജ് വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വിമാനയാത്രാ നിരക്കും ഉയരും.

യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് ആഭ്യന്തര വിമാന സർവീസുകളിൽ 100 രൂപ മുതൽ 350 രൂപ വരെയാണ് ഇന്ധന സർചാർജ് വർധിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര സർവീസുകൾക്കും സർചാർജ് വർധിപ്പിച്ചതായി ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.

ഇന്ധനവില തുടർച്ചയായി ഉയരുകയാണെന്നും ഏറ്റവും പുതിയ മാസത്തെ വർധന 14 ശതമാനത്തിലധികമാണെന്നും ഇൻഡിഗോ വ്യക്തമാക്കി. ഇതോടെ വ്യോമയാന ഇന്ധനമായ എടിഎഫിന്‍റെ (Aviation Turbine Fuel) വില കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിലെത്തിയെന്നും കമ്പനി പറഞ്ഞു.

"വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ എടിഎഫ് വലിയൊരു പങ്ക് വഹിക്കുന്നതിനാൽ, ഇന്ധനവിലയിലെ ഈ വർധന ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളുടെ ചെലവുകളെയും സർവീസ് ശൃംഖലയുടെ സാമ്പത്തിക ഘടനയെയും ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്," ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളിലെ ഇന്ധന ചാർജുകളിൽ നേരിയ പുനഃക്രമീകരണം വരുത്തിയതായും ഇൻഡിഗോ അറിയിച്ചു.

Indigo has increased its fuel surcharge on domestic and international flights due to rising fuel prices. :