കൊൽക്കത്ത സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (SRFTI) വിദ്യാർഥികളും അഖിൽ ഭാരതീയ ഗ്രാഹക് പഞ്ചായത്തുമായി (ABGP) ബന്ധപ്പെട്ടവരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ഥിതി ഇപ്പോഴും സംഘർഷഭരിതമായി തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. ക്യാംപസിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്കും അധ്യാപകർക്കും പരുക്കേറ്റിട്ടുണ്ട്. സെപ്റ്റംബർ 27-ന് SRFTIയിലെ പ്രധാന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സംഘടന വ്യക്തമാക്കിയതനുസരിച്ച് ഉപഭോക്തൃ അവകാശങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടിക്കായാണ് ഓഡിറ്റോറിയം വാടകയ്ക്ക് എടുത്തത്.

Read more: ട്രാഫിക് ഫൈനടച്ചില്ലേ! ഇലക്ട്രിസിറ്റി ബില്ലില്‍ ചേര്‍ത്ത് വരും? നിര്‍ദേശിച്ച് സുപ്രീംകോടതി ...

എന്നാൽ സിനിമാ പഠനവുമായി നേരിട്ട് ബന്ധമില്ലാത്ത സംഘടനയ്ക്ക് ക്യാംപസിൽ പരിപാടി നടത്താൻ അനുമതി നൽകിയതിനെ വിദ്യാർഥികൾ ചോദ്യം ചെയ്തു. വിദ്യാർഥി യൂണിയനെ അറിയിക്കാതെയാണ് പരിപാടിക്ക് അനുമതി നൽകിയതെന്നും യൂണിയൻ പറയുന്നു. വിദ്യാർഥികളെയോ സ്റ്റുഡന്‍റ്സ് യൂണിയനെയോ അറിയിക്കാതെ ക്യാംപസിനുള്ളിൽ തുടർച്ചയായി ആർഎസ്എസ് അജണ്ടയിലുള്ള പരിപാടികൾക്ക് അധികൃതർ അനുമതി നൽകുന്നതിനെതിരെ വിദ്യാർഥികൾ പോസ്റ്ററുകൾ പതിപ്പിച്ചതാണ് സംഘത്തെ പ്രകോപിപ്പിച്ചത്.

ഇതോടെ വാക്കുതർക്കമുണ്ടായി. പിന്നീട് സംഘർഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ABGP പ്രവർത്തകർ വിദ്യാർഥികളെ ആക്രമിച്ചതായാണ് യൂണിയന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.  കല്ല്, ഇഷ്ടിക, വടി തുടങ്ങിയവ ഉപയോഗിച്ച് വിദ്യാർഥികളെ പിന്തുടർന്ന് മർദിക്കുകയായിരുന്നു. പരിശീലനത്തിലായിരുന്ന വിദ്യാർഥികളെയും ആക്രമിച്ചു, ചില വിദ്യാർഥികളുടെ വസ്ത്രങ്ങൾ കീറി, മൊബൈൽ ഫോണുകൾ പിടിച്ചെടുത്തുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സംഘർഷത്തിനിടെ ലൈബ്രറിയിലും അക്രമമുണ്ടായി, ലൈബ്രേറിയനും മർദനമേറ്റു.

Read more: ഭക്ഷണമുണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; നാലു മരണം ...

എന്നാല്‍ വിദ്യാർഥികളുടെ ആരോപണങ്ങൾ ABGP നിഷേധിക്കുകയാണ് ചെയ്തത്. പരിപാടി തടസ്സപ്പെടുത്താൻ വിദ്യാർഥികളാണ് എത്തിയതെന്നും ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുകയും സംഘടനാ പ്രവർത്തകരെ വളയുകയും ചെയ്തതായാണ് ABGPയുടെ ആരോപണം. വിദ്യാർഥികളാണ് ആദ്യം അക്രമം നടത്തിയതെന്നും അതിന് പിന്നാലെയാണ് തങ്ങളുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായതെന്നുമാണ് സംഘടനയുടെ വാദം. സംഭവത്തിന് പിന്നാലെ ക്യാംപസിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സിസിടിവി രേഖകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനായി മൊഴികളും ശേഖരിച്ചുവരികയാണ്.

സംഭവത്തിന് പിന്നാലെ വിദ്യാർഥികൾ മൗനപ്രതിഷേധം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തി. ക്യാംപസിൽ രാഷ്ട്രീയബന്ധമുള്ള സംഘടനകൾക്ക് പരിപാടികൾ സംഘടിപ്പിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുനഃപരിശോധിക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. അതേസമയം, നിയമാനുസൃതമായ നടപടികളിലൂടെയാണ് തങ്ങൾ പരിപാടിക്കായി വേദി ബുക്ക് ചെയ്തതെന്നാണ് ABGPയുടെ നിലപാട്. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി SRFTIയിൽ വസ്തുതാന്വേഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. 

satyajit-ray-film-institute-student-protest:

The Satyajit Ray Film and Television Institute (SRFTI) in Kolkata is experiencing ongoing tensions following a clash between students and members of the Akhil Bharatiya Grahak Panchayat (ABGP). The incident has led to the registration of four cases and increased police presence on campus as authorities review CCTV footage to identify those involved.