delhi-skelton

തടിപ്പെട്ടിയിലെ അസ്ഥികൂടം (Image Credit: X/ANI)

TOPICS COVERED

ശുചീകരണ പ്രവർത്തനങ്ങൾക്കിടെ സെൻട്രൽ ഡൽഹിയിൽ ആക്രിക്കൂട്ടത്തിനിടയിൽ അസ്ഥികൂടത്തിന് സമാനമായ വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് നാടകീയരംഗങ്ങള്‍. ആക്രി വസ്തുക്കൾക്കിടയിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തിയതിനെ തുടർന്ന് ആക്രി വ്യാപാരി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 

 

ഏകദേശം ഒരു മാസം മുമ്പ് പ്രദേശത്തെ സ്‌കൂളിൽ നിന്നാണ് ആക്രി വസ്തുക്കൾ വാങ്ങിയതെന്നും, അതിനൊപ്പമാണ് അവശിഷ്ടങ്ങൾ അടങ്ങിയ ഒരു പെട്ടി ലഭിച്ചതെന്നും വ്യാപാരി പൊലീസിനോട് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും പരിഭ്രാന്തരായി . ഫൊറൻസിക്, ക്രൈം ടീമുകളും സ്ഥലത്തെത്തി പരിശോധന നടത്തി

 

ഒടുവില്‍ ഫൊറൻസിക് പരിശോധനയിൽ അതു മനുഷ്യന്റേതല്ലെന്നും കൃത്രിമമായി നിർമിച്ചതാണെന്നും കണ്ടെത്തിയതോടെയാണ് ആശങ്ക അവസാനിച്ചത്. കുട്ടികളെ പഠിപ്പിക്കാൻ സ്കൂൾ ലബോറട്ടറിയിൽ ഉപയോഗിച്ചിരുന്ന കൃത്രിമ അസ്ഥികൂടമാണിതെന്നു സ്കൂൾ പ്രിൻസിപ്പൽ പൊലീസിനെ അറിയിച്ചു. മനുഷ്യന്റെ അസ്ഥികൂടമല്ലെന്നു ശാസ്ത്രീയമായി തെളിഞ്ഞതോടെ സംഭവത്തിൽ ദുരൂഹതകളോ ക്രിമിനൽ കുറ്റങ്ങളോ ഇല്ലെന്നു വ്യക്തമാക്കി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.

 

ശനിയാഴ്ച രാവിലെ സെൻട്രൽ‌ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലുള്ള കാളി മാതാ ക്ഷേത്രത്തിനു സമീപം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണു തടിപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയത്

ENGLISH SUMMARY:

Malayala Manorama Online News reports on a skeletal remains discovery that turned out to be an artificial skeleton used for educational purposes. This was found amidst scrap materials in Central Delhi, initially causing panic before forensic examination clarified the situation.