raghav-chadha-prepaid-users

പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസം നൽകുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെയും പുതിയ ചട്ടങ്ങള്‍ പങ്കുവച്ച് രാജ്യസഭാ എം.പി രാഘവ് ചദ്ദ. 2026-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ (പതിമൂന്നാം ഭേദഗതി) ചട്ടങ്ങൾ പ്രകാരം പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇനി കൃത്യമായി 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ ലഭ്യമാകും. ഇതോടെ ഒരു വർഷത്തിൽ 13 തവണ പ്രതിമാസ റീചാർജ് ചെയ്യേണ്ടി വന്നിരുന്ന അവസ്ഥ മാറി, വർഷത്തിൽ 12 റീചാർജുകൾ മാത്രം ചെയ്താൽ മതിയാകും. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സാധാരണക്കാരുടെ വലിയ വിജയമാണിതെന്നും രാഘവ് ചദ്ദ വിശേഷിപ്പിച്ചു.

മുമ്പ് 28 ദിവസത്തെ 'പ്രതിമാസ' വാലിഡിറ്റി പ്ലാനുകൾ നൽകിയിരുന്നതായിരുന്നു ടെലികോം കമ്പനികളുടെ രീതി. ഇതു കാരണം ഒരു വർഷത്തിൽ 13 തവണ ഉപഭോക്താക്കൾ റീചാർജ് ചെയ്യേണ്ടി വന്നിരുന്നു. എന്നാല്‍ പുതിയ 30 ദിവസത്തെ പ്ലാനുകൾ വരുന്നതോടെ ഇത് വർഷത്തിൽ 12 റീചാർജുകളായി കുറയും. ഈ വിഷയത്തിൽ ഉപഭോക്താക്കൾ ഉന്നയിച്ച ആശങ്കകൾ കണക്കിലെടുത്ത്, മാർച്ച് 11-ന് പാർലമെന്റിൽ താൻ ഈ വിഷയം ശക്തമായി ഉന്നയിച്ചിരുന്നതായി രാഘവ് ചദ്ദ വ്യക്തമാക്കി.

പുതിയ ഭേദഗതി അനുസരിച്ച് 30 ദിവസത്തെ കൃത്യമായ വാലിഡിറ്റി പ്ലാനുകൾക്ക് പുറമെ, ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർക്കായി വോയ്‌സ് കോളുകളും എസ്.എം.എസും മാത്രം ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ നിർബന്ധമായും നൽകാനും ടെലികോം ഓപ്പറേറ്റർമാർക്ക് ട്രായ് നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ ആവശ്യമില്ലാത്ത ഡേറ്റ പായ്ക്കുകൾക്ക് പണം നൽകാതെ വോയ്സ് കോളുകൾ മാത്രം ആവശ്യമുള്ള ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ അത്തരം സേവനങ്ങൾ തിരഞ്ഞെടുക്കാം.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി കൂടുതൽ സുതാര്യവും താങ്ങാനാവുന്നതുമായ ഓപ്ഷനുകൾ നൽകിയതിന് കേന്ദ്ര സർക്കാരിനും ട്രായ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് മൊബൈൽ പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്ന പുതിയ നിർദ്ദേശങ്ങൾ രാജ്യത്തെ ദശലക്ഷക്കണക്കിന് പ്രീപെയ്ഡ് മൊബൈൽ വരിക്കാർക്ക്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെയും സാധാരണ വരുമാനക്കാരുടെയും സാമ്പത്തിക ഭാരം വലിയ അളവിൽ കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

The Telecom Regulatory Authority of India (TRAI) has issued the Telecom Consumer Protection (13th Amendment) Regulations, 2026, making 30-day validity recharge plans mandatory for prepaid subscribers. Rajya Sabha MP Raghav Chadha shared the details, highlighting that this change eliminates the 28-day cycle that previously forced consumers to complete 13 recharges annually. Under the updated framework, mobile users will now only need to make 12 monthly recharges a year, resulting in significant savings for ordinary citizens. Furthermore, telecom operators have been directed to offer dedicated voice and SMS-only tariff vouchers for users who do not require internet data packages.