വോയിസ് കോളുകളും എസ്എംഎസും മാത്രമുള്ള കൂടുതല്‍ റീചാര്‍ജ് ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ നിയമ ഭേദഗതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇനി മുതല്‍ 30 ദിവസമോ അതില്‍ കുറവോ ഉള്ള വോയിസ്, എസ്എംഎസ്, ഡാറ്റ അടങ്ങുന്ന ബണ്ടിൽഡ് പ്ലാനുകളുടെ അതേ കാലാവധിയില്‍ വോയിസ്–എസ്എംഎസ് പ്ലാനുകള്‍ അവതരിപ്പിക്കണം. പുതിയ റീചാര്‍ജ് പ്ലാനുകള്‍ ഒക്ടോബര്‍ 22 മുതല്‍ നിലവില്‍ വരും.
മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് അനുയോജ്യമായ റീചാർജ് ഓപ്ഷനുകള്‍ ലഭ്യമാക്കുകയാണ് ഈ നീക്കത്തിനു പിന്നില്‍. വോയ്സ്, എസ്എംഎസ്, ഡാറ്റ എന്നിവ ഉൾപ്പെടുന്ന സാധാരണ റീചാർജ് പ്ലാനുകളെ അപേക്ഷിച്ച് വോയിസ് ഓണ്‍ലി പ്ലാനുകള്‍ക്ക് നിരക്കിൽ വലിയ തോതിലുള്ള കുറവുണ്ടായിരിക്കണം. എന്നാല്‍ ബണ്ടില്‍ഡ് പ്ലാനില്‍ നിന്നും എത്ര രൂപയുടെ കുറവുണ്ടാകണമെന്ന് ട്രായ് വ്യക്തമാക്കുന്നില്ല.
ഉദാഹരണമായി 28 ദിവസത്തേക്ക് വോയിസ്, എസ്എംഎസ്, ഡാറ്റ അടങ്ങിയ ബണ്ടില്‍ഡ് പ്ലാന്‍ നല്‍കുന്ന ടെലികോം കമ്പനികള്‍ 28 ദിവസത്തേക്ക് വോയിസ്– എസ്എംഎസ് ഓണ്‍ലി പ്ലാനുകളും നല്‍കണം. ഈ രീതിയില്‍ എല്ലാ വാലിഡിറ്റിയിലും വോയിസ്– എസ്എംഎസ് പ്ലാനുകള്‍ ലഭ്യമാകും. നിലവില്‍ വലിയ തുകയുടെ ദീര്‍ഘകാലത്തേക്കുള്ള വോയിസ്- എസ്എംഎസ് പ്ലാനുകള്‍ മാത്രമാണ് കമ്പനികള്‍ നല്‍കുന്നത്.
വോയിസ് കോള്‍ മാത്രം ആവശ്യമുള്ള ഉപഭോക്താക്കളും വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ ഉൾകൊള്ളുന്ന ബണ്ടിൽഡ് പ്ലാനുകള്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു. ഇതുപരിഹരിക്കാന്‍ 2024 ല്‍ നിയമം ഭേദഗതി ചെയ്ത ട്രായ്, വോയിസ്- എസ്എംഎസ് മാത്രമുള്ള ഒരു റീചാര്‍ജ് പ്ലാനെങ്കിലും നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ടെലികോം കമ്പനികള്‍ വലിയ റീചാര്‍ജ് ഓപ്ഷനുകള്‍ മാത്രമാണ് മുന്നോട്ടുവച്ചത്.
ഹ്രസ്വകാലത്തേക്കുള്ള പ്ലാനുകള്‍ കൂടി വേണമെന്ന ആവശ്യത്തിന്മേലാണ് ട്രായ്‍യുടെ നിയമഭേദഗതി. ജിയോ 1,748 രൂപയുടെ വാര്‍ഷിക പ്ലാനും മൂന്നു മാസത്തേക്ക് 448 രൂപയുടെ പ്ലാനും നല്‍കുന്നു. വോഡാഫോണില്‍ 1,849 രൂപ, 470 രൂപ എന്നിങ്ങനെയാണ് പ്ലാന്‍ നിരക്കുകള്‍. എയര്‍ടെല്‍ വാര്‍ഷിക പ്ലാനിന് 1,849 രൂപയും മൂന്നു മാസത്തെ പ്ലാനിന് 469 രൂപയും നല്‍കണം.