anant-ambani

റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനിയുടെ മകനും വ്യവസായ പ്രമുഖനുമായ അനന്ത് അംബാനിയെ ‘പ്രഫസർ ഓഫ് പ്രാക്ടീസ് സസ്റ്റെയിനബിലിറ്റി’ ആയി നിയമിച്ച് യുകെയിലെ ന്യൂകാസിൽ സർവകലാശാല. വന്യജീവി സംരക്ഷണം, ജൈവവൈവിധ്യ പരിപാലനം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 31-കാരനായ അനന്ത് അംബാനിക്ക് പദവി നൽകിയതെന്നാണ് സർവകലാശാലയുടെ വിശദീകരണം. എന്നാല്‍ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകരും അക്കാദമിക് വിദഗ്ധരും. പ്രകൃതിവാതക- എണ്ണ വ്യവസായങ്ങളിലൂടെ ഭീമമായ ലാഭമുണ്ടാക്കുന്ന ഒരു കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗത്തിന് സുസ്ഥിര വികസനത്തിൽ പ്രസർഷിപ്പ് നൽകുന്നത് സർവകലാശാലയുടെ വിശ്വാസ്യത തകർക്കുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

സർവകലാശാലയുടെ തീരുമാനത്തിനെതിരെ പ്രമുഖ പരിസ്ഥിതി– ചരിത്രകാരൻ രാമചന്ദ്ര ഗുഹ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഈ പദവിക്ക് അനുയോജ്യരായ നൂറുകണക്കിന് ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഇന്ത്യയിലുള്ളപ്പോൾ അനന്ത് അംബാനിയെ തിരഞ്ഞെടുത്തത് തികച്ചും അവിശ്വസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, വൻകിട കോർപ്പറേറ്റുകള്‍ തങ്ങളുടെ പണം ഉപയോഗിച്ച് അക്കാദമിക് മേഖലയെ സ്വാധീനിക്കുകയാണെന്ന് സസെക്സ് സർവകലാശാലയിലെ പ്രൊഫസർ ലൈല മേത്തയും ആശങ്ക പ്രകടിപ്പിച്ചു. കോർപ്പറേറ്റുകളെ ചോദ്യം ചെയ്യേണ്ട സർവകലാശാലകൾ അവർക്ക് അക്കാദമിക് അംഗീകാരം നൽകുന്നത് തെറ്റായ സന്ദേശമാണെന്നും വിമർശനം ഉയരുന്നുണ്ട്.

അതേസമയം, തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ന്യൂകാസിൽ സർവകലാശാല. റിലയൻസ് ഗ്രൂപ്പിനെ ഹരിത ഊർജത്തിലേക്ക് നയിക്കുന്നതിലും വന്യജീവി സംരക്ഷണത്തിലും അനന്ത് അംബാനി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പദവിയെന്നാണ് സര്‍വകലാശാല വക്താവ് പറയുന്നത്. പദവി നൽകിയതിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങളും സര്‍വ്വകലാശാല തള്ളുന്നുണ്ട്. അനന്ത് അംബാനിയിൽ നിന്നോ റിലയൻസ് ഗ്രൂപ്പിൽ നിന്നോ സർവകലാശാലയ്ക്ക് യാതൊരു ഫണ്ടും ലഭിച്ചിട്ടില്ല. ഈ പദവി പണം നൽകി വാങ്ങിയതാണെന്ന പ്രചാരണം തെറ്റാണെന്നും സർവകലാശാല വക്താവ് അറിയിച്ചു. പ്രഫസർ ഓഫ് പ്രാക്ടീസ് എന്നത് ഗവേഷണത്തിലോ ബോധനത്തിലോ ഉള്ള പരമ്പരാഗത അക്കാദമിക് യോഗ്യതയല്ല. പകരം വ്യവസായ-പ്രായോഗിക മേഖലകളിൽ പരിചയസമ്പന്നരായ വ്യക്തികളെ ആദരിക്കുന്ന പദവിയാണിത്. ഇത് സർവകലാശാലയുടെ പാഠ്യപദ്ധതി നിർണയിക്കുന്നതിലോ ഭരണപരമായ തീരുമാനങ്ങളിലോ അവകാശങ്ങൾ നൽകുന്നില്ല‌ എന്നും സര്‍വ്വകലാശാല അറിയിച്ചു.

സെപ്റ്റംബർ 14-ന് സർവകലാശാലയില്‍ നടന്ന ചടങ്ങിൽ അനന്തിന് പ്രഫസര്‍ഷിപ്പ് നല്‍കിയിരുന്നു. ‘സുസ്ഥിരതയും പ്രകൃതിസംരക്ഷണവുമാണ് ലോകത്തിന്‍റെ അടുത്ത വലിയ മുന്നേറ്റം’ എന്നാണ് പദവി സ്വീകരിച്ചുകൊണ്ട് അനന്ത് അംബാനി പറഞ്ഞത്. ആഗോളതലത്തിൽ പരിസ്ഥിതി തകർച്ച നേരിടുന്ന കാലഘട്ടത്തിൽ ധീരമായ നേതൃത്വവും സഹകരണവുമാണ് ആവശ്യമെന്ന് ന്യൂകാസിൽ സർവകലാശാല വൈസ് ചാൻസലറും പ്രസിഡന്‍റുമായ പ്രൊഫ. ക്രിസ് ഡേയും പറഞ്ഞു. സുസ്ഥിര ഭാവിക്കായി സാങ്കേതികവിദ്യയെയും വ്യവസായങ്ങളെയും സംയോജിപ്പിച്ച് പ്രവർത്തിക്കാൻ അനന്ത് അംബാനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിലയൻസ് ഗ്രൂപ്പിന്‍റെ പുനരുപയോഗ ഊർജ വിഭാഗത്തിന് നേതൃത്വം നൽകുന്ന അനന്ത് അംബാനിയുടെ ആസ്തി ഏകദേശം ഏകദേശം 11.42 ലക്ഷം കോടി രൂപയാണ്. ഗുജറാത്തിലെ ജാംനഗറില്‍ 3,500 ഏക്കറിലധികം വിസ്തൃതിയിലുള്ള വന്‍താര വന്യജീവി സംരക്ഷണ– പുനരധിവാസ കേന്ദ്രം സ്ഥാപിച്ചതും അനന്ത് അംബാനിയാണ്. സിംഹങ്ങളും കടുവകളും അടക്കം ഒന്നരലക്ഷത്തോളം മൃഗങ്ങൾ ഇവിടെയുണ്ട്. ഇവിടേക്ക് അപൂർവയിനം ജീവികളെ എത്തിച്ചതുമായി ബന്ധപ്പെട്ടും മുന്‍പ് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം അംബാനി കുടുംബവും വന്‍താര അധികൃതരും പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട്. മൃഗങ്ങളുടെ പുനരധിവാസവും സംരക്ഷണവുമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അധികൃതരുടെ വിശദീകരണം.

ENGLISH SUMMARY:

UK's Newcastle University has conferred the prestigious 'Professor of Practice Sustainability' title upon Anant Ambani, recognizing his contributions to wildlife conservation, biodiversity, and sustainable development. However, the decision has drawn severe backlash from prominent environmentalists and academics, including Ramachandra Guha, who argue that honoring a director of an oil-and-gas conglomerate tarnishes academic credibility. In response, Newcastle University defended the appointment, stating it recognizes Ambani's efforts in steering Reliance toward green energy and managing the Vantara wildlife rescue project without any financial exchanges involved. Accepting the title at a university ceremony, Ambani emphasized that sustainability and nature conservation represent the world's next major transition.