ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും ഗുരു സദ്ഗുരുവും അനന്ദ് അംബാനിയും ഒന്നിച്ചുള്ള വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ ചര്‍ച്ച. സദ്ഗുരുവുമായി സംസാരിച്ചുകൊണ്ടിരിക്കെ സമീപത്തുണ്ടായിരുന്ന ഷാരൂഖ് ഖാനോട് മിണ്ടാതിരിക്കാൻ അനന്ദ് അംബാനി വിരൽ ചൂണ്ടി ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സൈബറിടങ്ങളില്‍ വൈറലാകുന്നത്.
ഇന്നലെ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ വെച്ച് നടന്ന ഗ്ലോബൽ പീസ് ഓണേഴ്‌സ് 2026ന്‍റെ വേദിയിലാണ് സംഭവം. 26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ 18–ാം വാർഷികത്തിന് മുന്നോടിയായാണ് ചടങ്ങ് നടന്നത്. അമൃത ഫഡ്‌നാവിസ് സ്ഥാപിച്ച ദിവ്യജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഈ പരിപാടിയിൽ കലാ–രാഷ്ട്രീയ–സാസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.
ചടങ്ങിനിടെ വേദിയില്‍ വച്ചാണ് അനന്ദും ഷാരൂഖ് ഖാനും തമ്മിലുള്ള സംഭാഷണം നടന്നത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ സദ്ഗുരുവുമായി ആനന്ദ് അംബാനി സംസാരിക്കുന്നതും ഈ സമയം ഇരുവരുടെയും സംസാരത്തില്‍ ഇടപെടാൻ ശ്രമിച്ച ഷാരൂഖ് ഖാനോട് അനന്ദ് കൈവിരൽ ചൂണ്ടി നിശബ്ദനാകാൻ ആവശ്യപ്പെടുന്നതുമാണ് വിഡിയോയിലുള്ളത്. എന്നാല്‍ ഇരുവരും തമ്മില്‍ എന്താണ് സംസാരിക്കുന്നതെന്താണെന്ന് വിഡിയേയില്‍ വ്യക്തമല്ല.
'പണത്തിന്റെ ശക്തി ഇവിടെ കാണാം, സദ്ഗുരുവിനോട് സംസാരിക്കുന്നതിനിടെ ഷാരൂഖ് ഖാനോട് മിണ്ടാതിരിക്കാൻ അനന്ദ് അംബാനി വിരൽ ചൂണ്ടി ആവശ്യപ്പെടുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും നെറ്റിസൺസിൽ നിന്നും ഉയരുന്നത്.
ബോളിവുഡിന്‍റെ 'കിങ് ഖാൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരത്തോട് ഇത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്നും ഇത് പണത്തിന്‍റെ അധികാരത്തെയാണ് കാണിക്കുന്നതെന്നും ഒരു വിഭാഗം വിമർശിക്കുന്നു. എന്നാൽ അംബാനി കുടുംബവും ഷാരൂഖ് ഖാനും തമ്മിൽ വർഷങ്ങളായുള്ള അടുത്ത സൗഹൃദമാണുള്ളതെന്നും സുഹൃത്തുക്കൾക്കിടയിലുള്ള സ്വാഭാവികമായ ഇടപെടലിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മറ്റൊരു വിഭാഗവും പറയുന്നു. ഇരുവരും തമ്മിലുള്ള ഒരു നിമിഷത്തെ ദൃശ്യം മാത്രമാണ് ഇതെന്നും അതുകൊണ്ട് യഥാര്‍ഥ ചിത്രമറിയാതെ വിമര്‍ശിക്കുന്നത് തെറ്റാണെന്നും അഭിപ്രായമുയരുന്നുണ്ട്.