Image: X,@ndtv
ഭാര്യയേയും രണ്ട് പൂജാരിമാരേയും വെടിവച്ചു പരുക്കേല്‍പ്പിച്ച ശേഷം മക്കളെ മുറിയിലിട്ട് പൂട്ടിയ യുവാവ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ അസംഘഡിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തിനിടെ പ്രതിയുടെ മകന് വെടിയേറ്റതായും പിന്നീട് ആശുപത്രിയില്‍വച്ച് മരണപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അര്‍വിന്ദര്‍സിങ് ആണ് പ്രതി.
Also Read: പൊലീസുകാർക്ക് ഇനി ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി; നിർദേശവുമായി എഡിജിപി
ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് പ്രതി വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പോള്‍ രണ്ട് പൂജാരിമാര്‍ വീട്ടില്‍ പൂജ നടത്തുന്നതാണ് കണ്ടത്. ഭാര്യ ബാബിത സിങ്ങാണ് പൂജയ്ക്കായി തയാറെടുപ്പുകള്‍ നടത്തിയിരുന്നത്. തുടർന്ന് മഹേന്ദ്ര പാഠക് (60), അഖിലേഷ് മിശ്ര (50) എന്നീ പൂജാരിമാരുമായും ഭാര്യയുമായും അർവിന്ദ് വാക്കേറ്റത്തിലേർപ്പെട്ടു.
തർക്കം രൂക്ഷമായതോടെ പ്രകോപിതനായ അർവിന്ദ് കൈവശമുണ്ടായിരുന്ന ലൈസൻസുള്ള തോക്കെടുത്ത് ഭാര്യയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന രണ്ട് പൂജാരിമാർക്കും നേരെ വെടിയുതിർത്തു. ഇതിനുശേഷം തന്റെ മൂന്ന് മക്കളെയും കൊണ്ട് വീടിനുള്ളിലെ മുറിയിൽ കയറി പ്രതി കതകടച്ചു .
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം വീട് വളഞ്ഞു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ അർവിന്ദ് മകന് നേരെയും വെടിയുതിര്‍ത്തു. തുടർന്ന് പൊലീസിന്റെ തിരിച്ചടിയിലാണ് പ്രതിക്ക് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ അർവിന്ദിനെയും മകനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു.