lif-dog-owner

ഫ്ലാറ്റിലെ ലിഫ്റ്റിൽ വളർത്തുനായയെ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സ്കൂൾ അധ്യാപികയ്ക്ക് ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള വിൻഡ്‌സർ പാരഡൈസ് സൊസൈറ്റിയിലാണ് സംഭവം. ശനിയാഴ്ച നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്ദിരാപുരത്തെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയും സൊസൈറ്റിയിലെ താമസക്കാരിയുമായ ഹിനാ ബാരിക്കാണ് മർദ്ദനമേറ്റത്. സൊസൈറ്റിയിലെ മറ്റൊരു താമസക്കാരിയായ ശ്വേത സുബേയാണ് ഇവരെ ആക്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെ സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ഹിനാ ബാരി ലിഫ്റ്റിൽ കയറാൻ ശ്രമിച്ചപ്പോഴാണ് തർക്കം ഉടലെടുത്തത്. വളർത്തുനായയുമായി ലിഫ്റ്റിലുണ്ടായിരുന്ന ശ്വേത, അധ്യാപികയോട് അടുത്ത ലിഫ്റ്റിൽ പോകാൻ ആവശ്യപ്പെട്ടു. താൻ സൈഡിലേക്ക് മാറി നിന്നോളാം എന്ന് പറഞ്ഞ് ലിഫ്റ്റിലേക്ക് കയറാൻ ശ്രമിച്ച ഹിനയെ ശ്വേത തടയുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.

തുടർന്ന് ശ്വേത കൈയിലുണ്ടായിരുന്ന വടി കൊണ്ട് അടിക്കുകയും, മുടിക്ക് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹിന പരാതിയിൽ പറയുന്നു. സെക്യൂരിറ്റി ഗാർഡ് ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നു. പിന്നീട് ഗാർഡ് തന്നെയാണ് അധ്യാപികയെ ഫ്ലാറ്റിൽ എത്തിച്ചത്. ഹിനാ ബാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ENGLISH SUMMARY:

A school teacher was brutally assaulted in the elevator of a residential society in Ghaziabad, Uttar Pradesh, following a dispute over bringing a pet dog inside the lift. The victim, identified as school teacher Hina Bari, was allegedly attacked by another resident named Shweta Subei after an argument broke out when Hina attempted to enter the elevator. Armed with a stick, the accused pulled the teacher by her hair, slapped her, and threatened her despite intervention from a security guard. Police have registered a case based on the victim's complaint and are currently examining CCTV footage to take further legal action.