തമിഴ്‌നാട് നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി വിജയ് കൈകൊണ്ട് താടിയെല്ലിൽ തട്ടി ആംഗ്യം കാണിച്ച സംഭവത്തിൽ മറുപടിയുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. മുൻ സർക്കാരിനെതിരായ വിമർശനത്തിനിടെ നടത്തിയ ഈ പ്രവർത്തനം ബോഡി ഷെയിമിങ്ങാണെന്ന വിവാദം ഉയർന്ന പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പത്ത് മിനിറ്റ് നീളുന്ന വിഡിയോ സന്ദേശത്തിലൂടെയാണ് സ്റ്റാലിൻ മറുപടി നൽകിയത്. മോശം ഭരണത്തെ മറയ്ക്കാൻ വിജയ് റീലുകളും പ്രശസ്തിയും ഉപയോഗിക്കുകയാണെന്നും നിയമസഭയെ സിനിമാ ചിത്രീകരണത്തിനുള്ള റീൽസ് കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് താൻ നേരിട്ട ക്രൂരമർദനത്തിന്റെ പാടുകൾ ഇപ്പോഴും ശരീരത്തിലുണ്ടെന്നും ചരിത്രരേഖകളിലുള്ള ആ വസ്തുതകൾ ആർക്കും മാറ്റാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

'തമ്പീ… വിജയ്, പറഞ്ഞത് സത്യമാണ്, അതില്‍ കള്ളമൊന്നുമില്ല. അടിയന്തരാവസ്ഥ കാലത്ത് മിസ ചട്ടവുമായി ബന്ധപ്പെട്ട് പൊലീസ് എന്നെ തേടി വീട്ടിലെത്തിയപ്പോള്‍, ഞാന്‍ വീട്ടിലില്ലായിരുന്നു. അന്ന് മകന്‍ വീട്ടിലില്ലെന്നും വന്നാല്‍ ഫോണ്‍ ചെയ്ത് അറിയിക്കാമെന്ന് കലൈഞ്ജര്‍ മറുപടി നല്‍കി. പിറ്റേദിവസം വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു. അങ്ങനെ ജയിലില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. പത്തുപേരുള്ള തടവറയിലാണ് പാര്‍പ്പിച്ചത്. എല്ലാവര്‍ക്കുമായി ഒരു യൂറിനലാണ് ഉണ്ടായിരുന്നത്. ദുര്‍ഗന്ധം വമിക്കുന്ന അവിടെയാണ് എല്ലാവരും ഉറങ്ങുന്നത്. രാത്രി ഉറങ്ങാന്‍ അനുവദിക്കാതെ പൊലീസ് ലാത്തികൊണ്ട് മര്‍ദിക്കും. ബൂട്ടിട്ട് ചവിട്ടും. അവിടുള്ള ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരെ ഉപയോഗിച്ചും ഞങ്ങളെ മര്‍ദിക്കുമായിരുന്നു. അങ്ങനെയാണ് സഹോദരന്‍ ചിട്ടി ബാബുവിനെ നഷ്ടമായത്. 

ആ മര്‍ദനത്തില്‍ എന്റെ താടിയെല്ലിന് പരിക്കേറ്റിരുന്നു. നിങ്ങള്‍ താടിക്ക് കൈകള്‍ താങ്ങി ആംഗ്യം കാണിച്ചില്ലേ? അതില്‍ വാസ്തവമുണ്ട്. ഇന്നും അന്നത്തെ മര്‍ദനത്തിന്റെ പാടുകള്‍ എന്റെ ശരീരത്തിലുണ്ട്. ഇല്ലെന്ന് പറയില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് തമിഴര്‍ക്കും തമിഴ്‌നാടിനുമായി പോരാടിയവര്‍ക്ക് ഇത്തരം അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നതും പ്രയാസങ്ങള്‍ അനുഭവിക്കുന്നതും ഞങ്ങള്‍ക്ക് പുതുമയല്ല', വിഡിയോയില്‍ സ്റ്റാലിന്‍ പറഞ്ഞു.

മുൻ സർക്കാരിന്റെ കാലത്തെ അഴിമതികളെക്കുറിച്ച് സംസാരിക്കവെ താടിക്ക് തട്ടി വിജയ് കാണിച്ച ആംഗ്യം മുൻ മുഖ്യമന്ത്രിയെ പരിഹസിക്കാനാണെന്നും ബോഡി ഷെയിമിങ്ങാണെന്നും പ്രതിപക്ഷം സഭയിൽ ആരോപിച്ചിരുന്നു. ഇതോടെയാണ് വിഷയം രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചയായത്. എന്നാൽ, തന്റെ ഭാഗത്തുനിന്നുണ്ടായത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതിനാൽ വിവാദമാക്കരുതെന്നും വ്യക്തമാക്കി വിജയ് എക്സിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. വിഷയത്തിൽ നിയമസഭയ്ക്കകത്തും പുറത്തും ഭരണ-പ്രതിപക്ഷ പോര് കടുക്കുകയാണ്.

ENGLISH SUMMARY:

DMK President M.K. Stalin responded via a 10-minute video message to Tamil Nadu Chief Minister Vijay's controversial assembly gesture, where the latter tapped his jawline while criticizing the previous government. Stalin addressed accusations of body shaming by recalling his brutal torture during the Emergency under MISA, which left permanent physical scars including damage to his jawline. He criticized CM Vijay for relying on reels and publicity stunts, emphasizing that historical struggles undergone for Tamil Nadu cannot be erased through mockery. Vijay later clarified on X that the gesture was accidental without intent to hurt anyone, as political tensions between DMK and the ruling party continue to escalate.