ഐഎസ്ആർഒയുടെ പ്രവര്‍ത്തനം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പും ആശങ്കയും പ്രകടിപ്പിച്ച് ജീവനക്കാരുടെ സംഘടനകൾ. തീരുമാനങ്ങളിൽ വ്യക്തതതേടി ചെയർമാൻ വി. നാരായണന് ഒന്‍പത് സംഘടനകള്‍ കത്തയച്ചു. ഐഎസ്ആർഒയുടെ ഭാവി എന്താകുമെന്നും ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്നും സംഘടനകള്‍ ചോദിച്ചു.
റോക്കറ്റ്, അനുബന്ധ നിർമ്മാണ പ്രവർത്തന ചുമതലകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തില്‍ ഔദ്യോഗികമായി വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാരുടെ സംഘടനകള്‍ ഐഎസ്ആർഒ ചെയർമാൻ വി. നാരായണന് കത്തയച്ചത്. സ്വകാര്യവൽക്കരണം എത്രത്തോളം മുന്നോട്ട് പോകും, റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിലും വിക്ഷേപണ അടിസ്ഥാന സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും ഇസ്രോയുടെ പങ്ക് എന്തായിരിക്കും? നിലവിലുള്ള എന്‍ജിനീയറിങ്, മാനുഫാക്ചറിങ് വിഭാഗം എത്രത്തോളം അവശേഷിക്കും തുടങ്ങി ജീവനക്കാരുടെ ഭാവി സംബന്ധിച്ചുള്‍പ്പെടെയാണ് ചോദ്യങ്ങള്‍. ഐഎസ്ആർഒയെ വെറുമൊരു ഗവേഷണ-വികസന സ്ഥാപനമായി മാത്രം ചുരുക്കുന്ന ചർച്ചയില്ലാതെയുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കത്തിൽ പറയുന്നു.
ഭാവിയിൽ ഐഎസ്ആർഒ റോക്കറ്റുകൾ നിർമ്മിക്കില്ലെന്നും ഈ ജോലികൾ സ്വകാര്യ കമ്പനികളോ പൊതുമേഖലാ സ്ഥാപനങ്ങളോ ആയിരിക്കും നിർവ്വഹിക്കുക എന്നും ഇൻ-സ്പേസ് ചെയർമാൻ പവൻ ഗോയങ്ക അടുത്തിടെ പറഞ്ഞിരുന്നു. ഈ പ്രസ്താവനായാണ് ജീവനക്കാരുടെ ആശങ്കകൾക്ക് ആക്കം കൂട്ടിയത്. വിഎസ്എസ്സി, എസ്ഡിഎസ്സി, എൽപിഎസ്സി തുടങ്ങിയ കേന്ദ്രങ്ങളിലെ 9 അസോസിയേഷനുകള്‍ ഐഎസ്ആർഒയുടെ ആകെ 18,100 വരുന്ന ജീവനക്കാരിൽ ഏകദേശം 5,000 പേരെയാണ് പ്രതിനിധീകരിക്കുന്നത്.