അതീവ സുരക്ഷാ മേഖലയായ സെക്കന്തരാബാദ് കന്റോൺമെന്റിലെ സൈന്യത്തിന്‍റെ ആയുധപ്പുരയിൽ നിന്ന് എകെ-203 അസാൾട്ട് റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ അഗ്നിവീർ ഉദ്യോഗസ്ഥരും സിവിൽ ജീവനക്കാരും ഉൾപ്പെടെ നാല് പേരെ സൈന്യം കസ്റ്റഡിയിലെടുത്തു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്രാസ് റെജിമെന്റിന്റെ ആയുധപ്പുരയിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് 12 തോക്കുകളും നൂറുകണക്കിന് വെടിയുണ്ടകളും കാണാതായത്. കടുത്ത സുരക്ഷാ വീഴ്ച പുറത്തുവന്നതോടെ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടിട്ടുണ്ട്. തെലങ്കാന പൊലീസിലെ ഇന്റലിജൻസ് വിഭാഗവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മദ്രാസ് റെജിമെന്റ് ഉദ്യോഗസ്ഥൻ പൊലീസിൽ നൽകിയ പരാതി പ്രകാരം 4 എകെ-203 അസാൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് (INSAS) റൈഫിൾ, ആറ് 9mm പിസ്റ്റളുകൾ, നൂറുകണക്കിന് വെടിയുണ്ടകൾ എന്നിവയാണ് മോഷണം പോയത്. റെജിമെന്റിലെ കമാൻഡിങ് ഓഫീസറും ഭൂരിഭാഗം സൈനികരും രാജസ്ഥാനിലെ പൊഖ്റാൻ ഫയറിങ് റെയ്ഞ്ചിൽ പരിശീലനത്തിനായി പോയ സമയത്താണ് മോഷണം നടന്നത്. ഈ സമയം ലെഫ്റ്റനന്റ് കേണൽ പദവിയിലുള്ള സെക്കൻഡ് ഇൻ കമാൻഡ് ഓഫീസർക്കായിരുന്നു കേന്ദ്രത്തിന്‍റെ ചുമതല.

ആയുധപ്പുരയുടെ പ്രവേശന കവാടത്തിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ കാവൽക്കാരായ ജീവനക്കാർ ഇത് ഓഫ് ചെയ്യാറുണ്ടായിരുന്നു. ഇത് മോഷണം എളുപ്പമാക്കി. മാത്രമല്ല ബറ്റാലിയൻ ഫയറിങ് പരിശീലനത്തിന് പോയതിനാൽ സാധാരണയേക്കാൾ വളരെ കുറച്ച് ജീവനക്കാർ മാത്രമാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതേസമയം, ആയുധപ്പുരയുടെ പൂട്ട് തകർത്ത നിലയിലല്ല, മറിച്ച് സൂക്ഷിച്ചിരുന്ന പെട്ടികൾ മാത്രമാണ് തകര്‍ത്തതെന്നും കണ്ടെത്തിയിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥർക്കും ഹൗസ് കീപ്പിങ് ജീവനക്കാർക്കും മാത്രമാണ് ഈ കെട്ടിടത്തിലേക്ക് പ്രവേശനമുള്ളത്. അതിനാൽ ഉള്ളില്‍ നിന്നുള്ളവരുടെ സഹായമില്ലാതെ മോഷണം നടക്കില്ലെന്നാണ് പൊലീസ് നിഗമനം.

ഓഗസ്റ്റ് 30-ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ആയുധങ്ങളുടെ എണ്ണം അവസാനമായി രേഖപ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെയാണ് ആയുധപ്പുര തുറന്ന നിലയിൽ കണ്ടെത്തുന്നത്. കാണാതായ ആയുധങ്ങൾ ഭീകരവാദ പ്രവർത്തനങ്ങൾക്കോ മറ്റോ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് അന്വേഷണ സംഘം. മാത്രമല്ല, രാഷ്ട്രപതിയുടെ ഔദ്യോഗിക ശൈത്യകാല വസതി സ്ഥിതി ചെയ്യുന്നതും ഈ നിയന്ത്രിത മേഖലയിലാണ്. അതുകൊണ്ടുതന്നെ സൈനിക താവളത്തിനുള്ളിലെ മോഷണം രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തെ തുടർന്ന് ബൊല്ലാരം സൈനിക താവളത്തിലേക്കുള്ള എല്ലാ സിവിൽ റോഡുകളും സൈന്യം പൂർണ്ണമായും അടച്ച് സീൽ ചെയ്തിരിക്കുകയാണ്.

ENGLISH SUMMARY:

A massive security breach occurred at the Madras Regiment armory inside the high-security Secunderabad Cantonment, where 12 firearms and hundreds of live rounds were stolen on Sunday night. The stolen weaponry includes four AK-203 assault rifles, one INSAS rifle, six 9mm pistols, and extensive ammunition. Army authorities, alongside the Telangana Police Intelligence wing, have detained four individuals, including Agniveer personnel and civilian staff, for questioning. The theft took place while most of the battalion was away for firing exercises in Pokhran, raising severe national security concerns given the armory's proximity to the President's official winter retreat.