ബിഹാറിലെ തെരുവുകളിൽ ഉദ്യോഗാർഥികളും വിദ്യാർഥികളും നടത്തിയ ശക്തമായ പ്രതിഷേധത്തിനിടയിൽ വേറിട്ട കാഴ്ചയായി ആറുവയസുകാരൻ. ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ച നടന്ന മാർച്ചിലാണ് പുനയ്ചകില്‍ നിന്നുള്ള ആദിത്യ എന്ന കൊച്ചുമിടുക്കൻ പ്രധാന ശ്രദ്ധാകേന്ദ്രമായത്.
ടി-ഷർട്ടും ഡെനിം ട്രൗസറും ധരിച്ച് നെറ്റിയിൽ തിലകവുമണിഞ്ഞാണ് ആദിത്യ സമരക്കാരുടെ ഒപ്പം ചേർന്നത്. മാധ്യമപ്രവർത്തകർക്ക് മുന്നിൽ മൂർച്ചയുള്ള നിലപാടുകൾ തുറന്നടിച്ച ആദിത്യ, ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി രാജി വെയ്ക്കണമെന്നും ലാത്തിച്ചാർജിന് ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടു. 'മുഖ്യമന്ത്രി രാജി വയ്ക്കണം, ലാത്തി ചാര്‍ജിന് ഉത്തരവിട്ടവര്‍ക്കെതിരെ നടപടിയെടുക്കണം' എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ആദിത്യ നൽകിയ മറുപടി.
പ്രതിഷേധത്തിനിടെ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ഉയർന്നുവെങ്കിലും പൊലീസ് ഇത് പൂർണമായി നിഷേധിച്ചു. കുട്ടിയുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലികമായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതെന്നും, പിന്നീട് മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷം കുഞ്ഞിനെ കൈമാറിയതായും പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ കുട്ടിയെ ഒറ്റയ്ക്ക് പുറത്തുവിടരുതെന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തുവന്ന ആദിത്യയെ 'ജെൻ ആൽഫ' എന്ന് മുദ്രാവാക്യം വിളിച്ചാണ് സമരക്കാർ സ്വീകരിച്ചത്. ആറുവയസുകാരന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയാണ്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ച് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും ലത്തിച്ചാർജും പ്രയോഗിച്ചപ്പോൾ തിരിച്ച് കല്ലേറുമുണ്ടായി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.