ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ സ്ഫോടനം. രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലുള്ള സൂരത്ഗഢിലാണ് നിർത്തിയിട്ടിരുന്ന വാഹനം പെട്ടെന്ന് പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന രണ്ട് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ സൂരത്ഗഢ് വാർഡ് 8-ലെ ബാബാ രാംദേവ് ക്ഷേത്രത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
അയൽവാസിയായ ശുഭത്തിന്‍റെ (13) വീട്ടില്‍ കൂട്ടുകാരനായ ഗൗരവ് (14) ഇലക്ട്രിക് സ്കൂട്ടറിൽ എത്തിയപ്പോഴായിരുന്നു അപകടത്തിന്റെ തുടക്കം. ശുഭം തന്റെ ഇലക്ട്രിക് സ്കൂട്ടർ വീടിന് ഉള്ളിലേക്ക് പാർക്ക് ചെയ്യുകയും ഗൗരവ് സ്വന്തം സ്കൂട്ടറിൽ പുറത്ത് ഇരിക്കുകയുമായിരുന്നു. ഈ സമയം ഗൗരവിന്റെ വാഹനത്തിൽ നിന്ന് പെട്ടെന്ന് കനത്ത പുക ഉയരുകയും തൊട്ടടുത്ത നിമിഷം തന്നെ വലിയ ശബ്ദത്തോടെ തീജ്വാല പടരുകയുമായിരുന്നു. അപായസൂചന മനസ്സിലാക്കിയ ഉടൻ ഗൗരവ് വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി. സമീപത്തുണ്ടായിരുന്ന ശുഭം തന്റെ ഇലക്ട്രിക് സ്കൂട്ടർ വേഗത്തിൽ പുറകിലേക്ക് മാറ്റി നിർത്തിയാണ് ജീവൻ രക്ഷിച്ചത്.
വൻ സ്ഫോടനത്തെ തുടർന്ന് നിമിഷങ്ങൾക്കകം വാഹനം പൂർണ്ണമായി കത്തിച്ചാമ്പലായി. 15 മിനിറ്റിനുള്ളിൽ തന്നെ സ്കൂട്ടർ പൂർണ്ണമായും കത്തിയമർന്നെങ്കിലും കുട്ടികളുടെ സമയോചിതമായ മാറിയത് കാരണം വൻ ദുരന്തവും ആളപായവും ഒഴിവാകുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നിട്ടുണ്ട്.