സർക്കാർ ഹോസ്റ്റലുകളിലെ ആദിവാസി വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് രാഹുല്‍ ഗാന്ധിയുടെ തുറന്ന കത്ത്. പത്തു ദിവസത്തിലധികമായി പൂനെയിൽ നിരാഹാര സമരം നടത്തുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉടനടി പരിഹരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. നീണ്ട അവധിക്ക് ശേഷം തിരികെ എത്തുന്ന പെൺകുട്ടികൾക്ക് 'ഫിറ്റ്നസ്' തെളിയിക്കുന്നതിനായി നിർബന്ധിത ഗർഭ പരിശോധന നടത്തുന്നത് ഉൾപ്പെടെയുള്ള അപമാനകരമായ വ്യവസ്ഥകൾ പിൻവലിക്കണമെന്നും, സുരക്ഷിതമല്ലാത്ത ഹോസ്റ്റൽ സാഹചര്യങ്ങൾ പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. പ്രക്ഷോഭം നടത്തുന്ന ആദിവാസി വിദ്യാർത്ഥി പ്രതിനിധികളെ മുഖ്യമന്ത്രി നേരിൽ കണ്ട് ചർച്ച നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച പൂനെയിൽ നടന്ന 'ഛത്രോം കീ ഗൂഞ്ച്' പരിപാടിക്കിടെ നിരാഹാര സമരം നടത്തുന്ന ആദിവാസി വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ദൂരദേശങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിടുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 30 വയസ്സിന് മുകളിലുള്ളവരെ ഹോസ്റ്റലുകളിൽ നിന്ന് വിലക്കുന്ന പുതിയ നിബന്ധന ഉപരിപഠനത്തിനും മത്സരപ്പരീക്ഷകൾക്കും തയ്യാറെടുക്കുന്ന ആദിവാസി യുവാക്കളുടെ ഭാവി അടയ്ക്കുന്നതാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കൂടാതെ, ഭക്ഷണവും ശുചിത്വവും വൈദ്യസഹായവും ഇല്ലാത്തതും പാമ്പുകടിയേറ്റുള്ള മരണങ്ങൾ വരെ സംഭവിക്കുന്നതുമായ സുരക്ഷിതമല്ലാത്ത അന്തരീക്ഷമാണ് ഹോസ്റ്റലുകളിലുള്ളതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
"ദീർഘനാളത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന പെൺകുട്ടികൾ തങ്ങളുടെ ഫിറ്റ്നെസ് തെളിയിക്കാൻ ഗർഭ പരിശോധനയ്ക്ക് വിധേയരാകണം എന്ന നിയമം എന്നെ ഞെട്ടിച്ചു. കുറ്റം തെളിയുന്നതുവരെ തങ്ങൾ കുറ്റക്കാരാണെന്ന് അനുമാനിക്കുന്നതിന് തുല്യമായ അങ്ങേയറ്റം അപമാനകരമായ നടപടിയാണിത്. വിദ്യാർത്ഥികൾ ചോദിക്കുന്നത് ഭിക്ഷയല്ല, മറിച്ച് ഭരണഘടനാപരമായ അവകാശങ്ങളാണ്," എന്ന് രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കി. നിരാഹാര സമരം നടത്തുന്ന വിദ്യാർത്ഥികളുടെ ആരോഗ്യം കൂടുതൽ വഷളാകുന്നതിന് മുൻപ് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം.