എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

  • ഒഡീഷ തീരത്ത് നിന്ന് പുറപ്പെട്ട ചരക്കു കപ്പൽ മുങ്ങി 22 പേരെ കാണാതായി..

ഒഡിഷ തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെ പനാമ പതാകയേന്തിയ ചരക്കുകപ്പൽ മുങ്ങി. ഒഡിഷയിലെ പാരദ്വീപ് തുറമുഖത്ത് നിന്ന് ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പുറപ്പെട്ട 'എം.വി. ഓഷ്യൻ-വിന്നർ' എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ ആകെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

ചൈനയിൽ നിന്നുള്ള 20 പേരും മ്യാന്മറിൽ നിന്നുള്ള മൂന്ന് പേരും ബംഗ്ലദേശിൽ നിന്നുള്ള ഒരാളുമാണ് കപ്പലിലുള്ളത്. ഓഗസ്റ്റ് 20-ന് രാത്രി 10:30-ഓടെയാണ് കപ്പൽ പാരദ്വീപ് തുറമുഖത്ത് നിന്ന് യാത്ര തിരിച്ചത്. ഓഗസ്റ്റ് 22-ന് ഉച്ചയോടെ കപ്പലുമായി ആശയവിനിമയം പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് കപ്പൽ കമ്പനിയായ വിക്ടറി സ്റ്റാർ ഗ്രൂപ്പ് അധികൃതർ വിവരം മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിനെ അറിയിച്ചു.

അപകടവിവരമറിഞ്ഞ ഉടൻ തന്നെ ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് കപ്പലുകളായ 'വരാദ്', 'അൻമോൽ' എന്നിവയ്ക്ക് പുറമേ ശ്രേയ വിജയ പുരത്തുനിന്ന് 'വിജിത്' എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. രണ്ടുപേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. സമീപത്തുള്ള മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

A Panama-flagged cargo ship named MV Ocean Winner has sunk off the Odisha coast while transporting iron ore from Paradip port to Singapore. The vessel lost all communication channels with maritime authorities, prompting an immediate joint rescue operation by the Indian Coast Guard and Navy. A total of twenty-four international crew members were on board the ship when the tragic maritime accident occurred. Rescue teams have managed to pull at least two individuals to safety thus far while search efforts for the remaining crew continue.