modi-chalisa

TOPICS COVERED

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീരാമനായി ചിത്രീകരിച്ച് കട്ടൗട്ട് സ്ഥാപിക്കുകയും 'മോദി ചാലിസ' ചൊല്ലി ആരാധന നടത്തുകയും ചെയ്ത സംഭവം വിവാദത്തിലേക്ക്. ന്യൂഡൽഹി പ്രസ് ക്ലബിൽ സംഘടിപ്പിച്ച പരിപാടിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ശക്തമായത്. എന്നാൽ, പരിപാടിയുടെ സംഘാടനത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും കരാർ നിബന്ധനകൾ ലംഘിച്ചതായി കണ്ടതിനെത്തുടർന്ന് ചടങ്ങ് ഉടനടി തടഞ്ഞതായും പ്രസ് ക്ലബ് അധികൃതർ വ്യക്തമാക്കി. വാർത്താസമ്മേളനങ്ങൾ നടത്തുന്നതിനു മാത്രമാണ് ഹാൾ വാടകയ്ക്ക് നൽകിയിരുന്നതെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. 

ബിഹാർ സ്റ്റേറ്റ് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡുമായി ബന്ധപ്പെട്ട അംഗങ്ങളാണ് പരിപാടി സംഘടിപ്പിച്ചത്. കൈയിൽ വില്ലേന്തിയ പ്രധാനമന്ത്രിയുടെ കട്ടൗട്ടിനു മുന്നിൽ സംഘാംഗങ്ങൾ ആരതി ഉഴിയുന്നതും 'ഭഗവാൻ ശ്രീ നരേന്ദ്ര മോദി ചാലിസ' ആലപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചടങ്ങിൽ പങ്കെടുത്തവർ 'ജയ് ജയ് മോദി', 'ഹർ ഹർ മോദി' എന്നിങ്ങനെ മുദ്രാവാക്യങ്ങൾ വിളിക്കുകയും വേദിയിൽ ചാലിസയുടെ ബാനർ ഉയർത്തുകയും ചെയ്തു. നരേന്ദ്ര മോദിക്കായി ഒരു ക്ഷേത്രം നിർമിക്കാൻ പദ്ധതിയുണ്ടെന്ന് ബിഹാർ സ്റ്റേറ്റ് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് വൈസ് പ്രസിഡന്റ് രാജൻ സിങ് പറഞ്ഞു. 

അഞ്ചേക്കർ സ്ഥലത്ത് 112 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രം നിർമിക്കുക. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കാൻ മോദി സർക്കാർ ചെയ്ത സേവനങ്ങളെ മാനിച്ചാണ് ഈ തീരുമാനമെന്നും ക്ഷേത്രത്തിൽ മോദിയുടെ ഉയരത്തിന് തുല്യമായ സ്വർണപ്രതിമ പ്രതിഷ്ഠിക്കുമെന്നും രാജൻ സിങ് അവകാശപ്പെട്ടു. ബിഹാർ സർക്കാർ ഇതിനായി ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

A controversy erupted after members of the Bihar State Transgender Welfare Board organized an event at the New Delhi Press Club where Prime Minister Narendra Modi was depicted as Lord Rama and a "Modi Chalisa" was chanted. During the ceremony, participants performed Aarti in front of a cutout holding a bow and raised slogans praising the Prime Minister. Press Club authorities immediately intervened and halted the program, clarifying that they had only rented out the hall for press conferences and that the organizers violated contract terms. Organizers also announced plans to construct a temple for Modi with a gold statue, drawing widespread attention and public debate.