പരീക്ഷാക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെ നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ (എന്‍ടിഎ) പരിഷ്കരണം വേഗത്തിലാക്കി വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷ സംഘത്തിലെ 600 വിദഗ്ധരെ മാറ്റി പുതിയവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചു. ചോദ്യ പേപ്പറുകളുടെ സൂക്ഷ്മപരിശോധനക്ക് നാല് തലങ്ങളിലുള്ള പരിശോധനാ സംവിധാനം ഏർപ്പെടുത്തും.അടുത്ത മൂന്നോ ആഴ്ചയ്ക്കുള്ളിൽ 25 ഉദ്യോഗസ്ഥരെ കൂടി ഇതിനായി നിയമിക്കും. എൻടിഎ ഓഫീസുകൾ ഉടൻ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുകയും സിഐഎസ്‌എഫ് സുരക്ഷ ശക്തിപ്പെടുത്തും ചെയ്യും.
നടപടികൾ വിദ്യാഭ്യാസ മന്ത്രി പ്രല്ഹാദ് ജോഷി വിലയിരുത്തി. ഇതുവരെ സ്വീകരിച്ച നടപടികൾ എൻടിഎ ഡിജി യോഗത്തിൽ അറിയിച്ചു. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സുരക്ഷയും അനുബന്ധ സൗകര്യങ്ങളും ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. UGC NET പുനപരീക്ഷ പ്രഖ്യാപിച്ചിരിക്കെ കൂടിയാണ് യോഗം. ചോദ്യക്കടലാസ് ചോർച്ച വിവാദമായതിനു പിന്നാലെ നേരത്തേ കരാർ അടിസ്ഥാനത്തിൽ നിയമിച്ച 47 പേരെ എൻടിഎ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.
തുടർച്ചയായി ഉയരുന്ന പരാതികൾ എൻടിഎയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. യുജിസി നെറ്റ് ചോദ്യങ്ങളിലെ പിഴവുകളും പുറത്തുവന്നതോടെ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) എന്തിനുവേണ്ടി എന്ന ചോദ്യം വീണ്ടുമുയരുന്നിരുന്നു. എൻടിഎ എന്ന ഏജൻസിക്കു കേന്ദ്രസർക്കാർ രൂപം നൽകിയ രീതിയും അതിന്റെ ഘടന നിശ്ചയിച്ചതും തന്നെ ശരിയായ വിധത്തിലല്ലെന്നാണ് തുടർച്ചയായുണ്ടാകുന്ന വീഴ്ചകൾ വ്യക്തമാക്കുന്നത്.
‘സംസ്ഥാനങ്ങളുടെ അതിർവരമ്പുകളില്ലാതെ മിടുക്കർക്കു രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ പ്രവേശനം നൽകുന്നതിനു യുഎസിലെ എജ്യുക്കേഷനൽ ടെസ്റ്റിങ് സർവീസ് (ഇടിഎസ്) മാതൃകയിലൊരു സംവിധാനം– 2017 ലെ രൂപീകരണവേളയിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ദേശീയ പരീക്ഷാ ഏജൻസിക്കു നൽകിയ നിർവചനമാണിത്. എൻജിനീയറിങ്, മെഡിക്കൽ, യുജിസി നെറ്റ്, മാനേജ്മെന്റ്, അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് തുടങ്ങി 9 വിഭാഗങ്ങളിൽ ദേശീയ പരീക്ഷകൾ നടത്തുകയാണ് എൻടിഎയുടെ ലക്ഷ്യം. പാർലമെന്റിന്റെ നിയമത്തിലൂടെയല്ല, മറിച്ച് 1860 ലെ സൊസൈറ്റീസ് റജിസ്ട്രേഷൻ ആക്ട് പ്രകാരമാണ് എൻടിഎ റജിസ്റ്റർ ചെയ്യപ്പെട്ടത്. ഡപ്യൂട്ടേഷനിൽ നിയോഗിക്കുന്ന ഡയറക്ടർ ജനറലിനു കീഴിൽ 95% ജീവനക്കാരും കരാർ അടിസ്ഥാനത്തിലോ, ഔട്സോഴ്സ് ചെയ്യപ്പെട്ടവരോ, മറ്റ് സർക്കാർ വകുപ്പുകളിൽനിന്ന് ഹ്രസ്വകാലത്തേക്കു നിയമിക്കപ്പെട്ടവരോ ആണ്.