Image: ANI and instagram.com/dimaginaxalpartyy_india/
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ 'ദിമാഗി നക്സൽ' (ബുദ്ധിജീവി നക്സലുകൾ) എന്ന പദം ഉപയോഗിച്ചതിന് പിന്നാലെയാണ് ഈ പേര് സാമൂഹിക മാധ്യമങ്ങളിലടക്കം ചർച്ചയായത്. പിന്നാലെ ഇൻസ്റ്റാഗ്രാമിൽ 'ദിമാഗി നക്സൽ പാർട്ടി' (Dimagi Naxal Party) എന്ന പേരിൽ പുതുതായി ഒരു അക്കൗണ്ടും പ്രത്യക്ഷപ്പെട്ടു. ആരാണ് ഈ പേജിന് പിന്നിലെന്നോ എന്താണ് ലക്ഷ്യമെന്നോ വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് 'ദിമാഗി നക്സൽ പാർട്ടി'.
ഇതിനകം 3.8 ലക്ഷം ഫോളോവേഴ്‌സിനെയാണ് ഈ പേജ് സ്വന്തമാക്കിയത്. അക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളിൽ തന്നെ വലിയൊരു വിഭാഗം ആളുകൾ പേജ് ഫോളോ ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നിലവിൽ 99 പോസ്റ്റുകൾ ഈ പേജിലുണ്ട്. 36 പേരെയാണ് ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നത്. പേജ് ഹിസ്റ്ററിയിൽ നിന്ന് ഏകദേശം ഒരുമാസം മുൻപാണ് പേജ് ഉണ്ടാക്കിയതെന്നും ഒരുതവണ യൂസർനെയിം മാറ്റിയതായും വ്യക്തമാണ്. ഇതിനിടെ, ഒറ്റരാത്രികൊണ്ട് ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് കാണാതാകുകയും ചെയ്തിരുന്നു. എന്നാൽ നിലവില്‍ വീണ്ടും ഈ അക്കൗണ്ട് തിരിച്ചെത്തിയിട്ടുണ്ട്. ഇന്‍സറ്റഗ്രാമില്‍ സെര്‍ച്ച് ചെയ്താല്‍ ഇതേപേരില്‍ ഒന്നിലധികം അക്കൗണ്ടുകളും കാണാം. എക്സില്‍ ഇതേപേരിലുള്ള അക്കൗണ്ടിന് 7000ത്തില്‍ അധികം ഫോളോവെഴ്സുണ്ട്.
എന്നാൽ ആരാണ് ഇതിന് പിന്നില്‍ പ്രവർത്തിക്കുന്നതെന്നോ, ഇതിന്റെ യഥാർത്ഥ ഉദ്ദേശ്യമെന്താണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, തങ്ങൾ ഭഗത് സിങ്ങിന്റെ അനുയായികളാണെന്നും തങ്ങളുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാനോ തങ്ങളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താനോ ശ്രമിച്ചാൽ.. ഒന്ന് അറിഞ്ഞോളൂ... അപമാനിക്കുന്നത് ഭഗത് സിങ്ങിനെയാണെന്നും ഒരു പോസ്റ്റില്‍ പറയുന്നുണ്ട്.
സായുധരായ നക്സലുകളെ വനമേഖലകളിൽ നിന്ന് ഇല്ലാതാക്കിയെന്നും എന്നാൽ 'ദിമാഗി നക്സലുകൾ' എന്ന ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പരാമർശിച്ചത്. ഇതോടെയാണ് ‘ദിമാഗി നക്സൽ’ എന്ന വാക്ക് രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇതിനു പിന്നാലെയാണ് ദിമാഗി നക്സൽ പാർട്ടി ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെടുന്നതും. മുന്‍പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഒറ്റ പരാമര്‍ശത്തില്‍ നിന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ഉണ്ടാകുകയും രാജ്യത്ത് തരംഗമാകുകയും ചെയ്തത്. അതേസമയം, 'ദിമാഗി നക്സൽ പാർട്ടി' യഥാർത്ഥത്തിൽ ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെതാണോ അതോ ആരെങ്കിലും തമാശയായോ അതോ ഒരു പരീക്ഷണമായോ തുടങ്ങിയതാണോ എന്നതിൽ വ്യക്തതയില്ല. ഇൻസ്റ്റാഗ്രാം അധികൃതരോ ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളോ ഇതുവരെ ഈ പേജിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.