Image: instagram.com/wangnaoyato

നാഗാലാൻഡില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ അഞ്ചുവയസുകാരന്‍ ദേശീയ ഗാനം പാടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ടിസിത് ജില്ലയില്‍ നടന്ന ആഘോഷത്തിന്‍റെ വിഡിയോയാണ് പ്രചരിക്കുന്നത്. അഞ്ച് വയസ്സുകാരനായ വാങ്‌നോ യാറ്റോ എന്ന കൊച്ചുബാലന്‍റെ ആലാപനത്തിലെ ആത്മവിശ്വാസവും നിഷ്കളങ്കതയുമാണ് നെറ്റിസണ്‍സിന്‍റെ ഹൃദയം കീഴടക്കുന്നത്.

വൈറലായ വിഡിയോയിൽ, കൊച്ചു യാറ്റോ നിറഞ്ഞ സദസിന് മുന്നില്‍ പൂർണ്ണ ആത്മവിശ്വാസത്തോടെ ദേശീയ ഗാനം ആലപിക്കുന്നതു കാണാം. നിഷ്കളങ്കമായ ശബ്ദത്തില്‍ ആത്മവിശ്വാസത്തോടെ സ്പഷ്ടമായാണ് ആലാപനം. അവന്റെ പിന്നിൽ, വേദിയില്‍ പതാകയെ സല്യൂട്ട് ചെയ്യുന്ന ഉദ്യോഗസ്ഥരുമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ ഇതിനകം കണ്ടത് 30 മില്യണ്‍ ആളുകളാണ്. 

ആയിരക്കണക്കിന് ആളുകളാണ് കുഞ്ഞ് യാറ്റോയുടെ നിഷ്കളങ്കമായ ആലാപനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ദേശീയഗാനം പാടുമ്പോളുള്ള കുഞ്ഞ് യാറ്റോയുടെ ആത്മാര്‍ഥതയും നിഷ്കളങ്കതയുമാണ് ഈ വിഡിയോയെ ഇത്രയധികം സവിശേഷമാക്കുന്നതെന്ന് പലരും പറയുന്നു. ദേശസ്‌നേഹത്തിന് പ്രായഭേദമില്ലെന്നു അതിനുള്ള മനോഹരമായ ഉദാഹരണമാണിതെന്നും ആളുകള്‍ കുറിച്ചു.

അതേസമയം, ആനന്ദ് മഹീന്ദ്രയും യാറ്റോയുടെ വിഡിയോ പങ്കിട്ടുണ്ട്. ‘നമ്മുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ കൊച്ചു യാറ്റോ വാങ്‌നോ ദേശീയഗാനം പാടുന്നത് കേട്ടാല്‍, പിന്നെങ്ങനെയാണ് നാഗാലാൻഡ് സന്ദര്‍ശിക്കാതിരിക്കുക?’ അദ്ദേഹം എക്സില്‍ കുറിച്ചു. നാഗാലാൻഡിന്റെ സൗന്ദര്യത്തിനൊപ്പം ഈ കൊച്ചു ഗായകന്റെ സ്നേഹവും ഇപ്പോൾ സഞ്ചാരികളെ അങ്ങോട്ട് ആകർഷിക്കുകയാണ്. ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് ശേഷം, വിഡിയോ കൂടുതൽ കാഴ്ചക്കാരെ നേടിക്കൊണ്ടിരിക്കുകയാണ്.

ENGLISH SUMMARY:

A five-year-old boy named Wangno Yato captured the hearts of millions across India with his confident and innocent rendition of the national anthem during Independence Day celebrations in Nagaland's Tizit district. Standing proudly before a large gathering while officials saluted the tricolor flag behind him, his sincere performance quickly became a nationwide internet sensation. The heartwarming video surpassed 30 million views, drawing widespread appreciation from social media users for embodying pure patriotism at a young age. Industrialist Anand Mahindra also shared the viral clip on social media, noting that the young singer's charm is a compelling reason to visit Nagaland.