ഡൽഹി മെട്രോ ട്രെയിനിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥനെ യാത്രക്കാർ തടഞ്ഞുവച്ചു. ശനിയാഴ്ച രാത്രി വൈകി യെല്ലോ ലൈനിലെ എയിംസ് (AIIMS) മെട്രോ സ്റ്റേഷനു സമീപമാണു സംഭവം നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തു.  

തുടക്കത്തിൽ ഫോട്ടോയെടുത്ത കാര്യം ഉദ്യോഗസ്ഥൻ നിഷേധിച്ചെങ്കിലും യുവതിയും സഹയാത്രക്കാരും ചേർന്ന് മൊബൈൽ ഫോണിലെ ഫോട്ടോ ഗാലറി പരിശോധിച്ചതോടെയാണു ചിത്രങ്ങൾ പകർത്തിയതായി തെളിഞ്ഞത്. തുടർന്നു യാത്രക്കാരും ഉദ്യോഗസ്ഥനും തമ്മിൽ വാക്കുതർക്കവും കൈയേറ്റവുമുണ്ടായി. ഫോൺ വാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ യാത്രക്കാർ ശ്രമിച്ചെങ്കിലും ഇയാൾ ചെറുത്തുനിൽക്കുകയായിരുന്നു.  

ഞായറാഴ്ച പുലർച്ചെ 12.40 ഓടെ മെട്രോ പൊലീസിനു സന്ദേശം ലഭിച്ചതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകാൻ തയ്യാറായില്ല. തുടർന്നു പൊലീസ് വിഷയം സിഐഎസ്എഫ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വകുപ്പുതല അന്വേഷണം ആരംഭിച്ചതായി സിഐഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.

ENGLISH SUMMARY:

A Central Industrial Security Force (CISF) personnel was caught on a Delhi Metro train secretly taking photographs of a female passenger on her mobile phone. The incident occurred near the AIIMS metro station on the Yellow Line late Saturday night, prompting immediate intervention from alert co-passengers. Although the jawan initially denied the allegations, a check of his phone gallery by the angry crowd confirmed the unauthorized pictures. Following the intervention of metro police and subsequent notification to CISF authorities, the accused official was suspended and departmental inquiry was initiated.