സോഷ്യൽ മീഡിയയിലാകെ ചിരി പടർത്തി ഡൽഹി മെട്രോസ്റ്റേഷനിലെ അണ്ടർ ഗാർമെന്റ് (അടിവസ്ത്രം) വെൻഡിങ് മെഷീൻ. അത്യാവശ്യത്തിന് അണ്ടർ ഗാർമെന്റ് കിട്ടുന്ന മെഷീൻ കണ്ട് അദ്ഭുതപ്പെട്ട യാത്രക്കാരി ഇതിന്റെ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്.

'വളരെ അദ്ഭുതം തോന്നിയ ഒരു കാര്യം കണ്ടു. അണ്ടർവെയർ തരുന്ന വെൻഡിങ് മെഷീൻ! നാം എത്തിപ്പെട്ടിരിക്കുന്നത് ഏത് തരം നവീകരണത്തിലാണെന്ന് മനസിലാകുന്നില്ല. മെട്രോ സ്റ്റേഷനിൽ പോയിട്ട്, ആരാണ് അയ്യോ അണ്ടർവെയർ മറന്നു, ഇവിടെനിന്ന് വാങ്ങി ഇടാം എന്നുകരുതുന്നത്' - യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. ആർത്തവസമയത്ത് സ്ത്രീകൾക്കിത് വളരെ ഉപകാരപ്പെട്ടേക്കാമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

സാധാരണയായി സ്നാക്സ്, സാനിറ്ററി പാഡ് തുടങ്ങിയ അത്യാവശ്യ സാധനങ്ങളാണ് വെൻഡിങ് മെഷീനിൽ നിന്ന് കിട്ടാറ്. എന്നാൽ ഡൽഹി മെട്രോ രോഹിണി ഈസ്റ്റ് സ്റ്റേഷനിലെ ഈ അണ്ടർ ഗാർമെന്റ് വെൻഡിങ് മെഷീൻ വലിയ ചർച്ചകൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. അണ്ടർ ഗാർമെന്റ് വെൻഡിങ് മെഷീൻ നല്ല വൃത്തിയുള്ളതും നന്നായി പരിപാലിക്കുന്നതുമായാണ് കാഴ്ചയിൽ തോന്നുന്നത്. വെൻഡിങ് മെഷീന്റെ വീഡിയോ റെക്കോർഡ് ചെയ്യുന്ന സ്ത്രീ അകത്തുള്ള അടിവസ്ത്ര ദൃശ്യം കാണിക്കുമ്പോൾ ചിരിക്കാതിരിക്കാൻ കഴിയുന്നില്ലെന്നാണ് കമന്റുകൾ.

ENGLISH SUMMARY:

The Delhi Metro underwear vending machine has gone viral on social media, sparking amusement and debate. This unusual vending machine, dispensing undergarments at a metro station, has become a talking point for its innovative approach to traveler convenience.