ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ വസ്ത്രശാല ഉടമ പ്രഖ്യാപിച്ച 16 രൂപ ആദായ വില്‍പനയ്ക്കിടെ തിക്കും തിരക്കും. ആളുകളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പേര്‍ക്ക് പരുക്കേറ്റു. റെയ്സ് ആലം എന്ന വസ്ത്രവ്യാപാരിയാണ് അന്‍വര്‍ഗഞ്ചിലെ തന്‍റെ ഷോപ്പില്‍ ഓഗസ്റ്റ് 15 ന് അര്‍ധരാത്രി 11.59 മുതല്‍ 16 മിനിറ്റ് നേരത്തേക്ക് ആദായ വില്‍പന പ്രഖ്യാപിച്ചത്. സ്യൂട്ട്, ജീന്‍സ്, ഷര്‍ട്ട് തുടങ്ങി എല്ലാ റെഡിമെയ്ഡ് വസ്ത്രങ്ങളും വെറും 16 രൂപയ്ക്കു ലഭിക്കും എന്നായിരുന്നു വാഗ്ദാനം.
മകന്‍റെ പിറന്നാള്‍ പ്രമാണിച്ചായിരുന്നു ആനുകൂല്യം. സമൂഹമാധ്യമത്തിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ ആളുകള്‍ ഒഴുകിയെത്തി. മൂവായിരം മുതല്‍ നാലായിരം വരെ ആളുകള്‍ കടയ്ക്കുമുന്നില്‍ തടിച്ചുകൂടിയതോടെ സ്ഥിതി നിയന്ത്രണാതീതമായി. കാര്യങ്ങള്‍ കൈവിടുമെന്നായപ്പോള്‍ റെയ്സ് ആലം കടപൂട്ടി മുങ്ങി. പിന്നാലെ അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് എത്തി ആളുകളെ പിരിച്ചുവിടാന്‍ ശ്രമിച്ചു. സാധിക്കാതെ വന്നതോടെ ലാത്തിച്ചാര്‍ജിലേക്ക് കാര്യങ്ങള്‍ എത്തി. ഏറെ പണിപ്പെട്ടാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. പൊലീസിനെ മുന്‍കൂട്ടി വിവരം അറിയിച്ചിരുന്നില്ലെന്നും കടയുടമയ്ക്കെതിരെ കേസെടുക്കുമെന്നും എ.സി.പി വ്യക്തമാക്കി.