ox-death

TOPICS COVERED

മധ്യപ്രദേശിലെ ഷാഡോലിൽ ഷോക്കേറ്റ് കാള ചത്തതിനെത്തുടർന്ന് നാട്ടുകാർ ട്രാൻസ്ഫോർമർ അടിച്ചു തകർത്തു. ബ്യോഹാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊണ്ടി കല ഗ്രാമത്തിൽ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നത്. നാട്ടുകാര്‍ ട്രാന്‍സ്ഫോര്‍മര്‍ തകര്‍ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

ഗ്രാമത്തിലെ കർഷകനായ മൻസുഖ്‌ലാൽ കുശ്വാഹ കൃഷി കഴിഞ്ഞ് കാളകളുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ വീടിനു സമീപത്തുള്ള തകർന്ന ട്രാൻസ്ഫോർമറിലെ വൈദ്യുതി കമ്പി അപ്രതീക്ഷിതമായി കാളയുടെ മേലേക്ക് പൊട്ടിവീഴുകയും ഷോക്കേറ്റ് ചാവുകയുമായിരുന്നു. വിവരം അറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ വടികളും കമ്പികളുമായി ട്രാൻസ്ഫോർമർ ആക്രമിക്കുകയും പവർ കേബിളുകൾ പൂർണ്ണമായി വിച്ഛേദിച്ച് ട്രാൻസ്ഫോർമറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. 

തകർന്നുകിടക്കുന്ന വൈദ്യുതി ലൈനുകളെക്കുറിച്ച് അധികാരികൾക്ക് നിരന്തരം പരാതിപ്പെട്ടിട്ടും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താൻ ബന്ധപ്പെട്ട വകുപ്പ് തയാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതരുടെ അലംഭാവമാണ് ഈ വലിയ നഷ്ടത്തിന് കാരണമെന്നും അവർ കുറ്റപ്പെടുത്തി. മുൻകരുതൽ നടപടിയെന്ന നിലയിൽ വൈദ്യുതി വകുപ്പ് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇത് ചുറ്റുമുള്ള പ്രദേശങ്ങളിൽ നീണ്ട വൈദ്യുതി മുടക്കത്തിന് കാരണമായിട്ടുണ്ട്. അതേസമയം, ട്രാൻസ്ഫോർമർ അടിച്ചു തകർത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

A tragic incident occurred in Shahdol, Madhya Pradesh, where an ox died after coming into contact with a live wire from a dilapidated transformer. Enraged by the animal's death and citing repeated ignored complaints about faulty lines, local villagers brutally vandalized the transformer with sticks and iron rods. The electricity department disconnected power to the surrounding areas as a precautionary measure, triggering a prolonged power outage. Authorities have subsequently registered a police case against the individuals involved in damaging public property during the violent protest.