സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള സേനാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് എസ്.പി, എസ്.ശശിധരന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ സമ്മാനിക്കും. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രത്യേക അന്വേഷണ സംഘത്തലവനാണ് ശശിധരന്‍. മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, ഇലന്തൂര്‍ നരബലി തുടങ്ങി പല കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
അതേസമയം, ഐ.ജി രാജ് പാല്‍ മീണ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹനായി. എസ് പിമാരായ ബിനു ആര്‍.പിള്ള, ജി.ഉജ്വല്‍കുമാര്‍, ഡിവൈഎപ്സിമാരായ വി.ആര്‍ രവികുമാര്‍, സുരേഷ് ബാബു, എസ്ഐ എസ്.എല്‍.ജ്യോതിഷ് കുമാര്‍ എന്നിവരും സ്തുത്യര്‍ഹസേവന പുരസ്ക്കാരത്തിന് അര്‍ഹരായി. അഗ്നിശമന സേനയില്‍ നിന്ന് ജെ.രാജേന്ദ്രന്‍ നായര്‍, എന്‍.സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ക്കാണ് പുരസ്കാരം.
ജയില്‍ ആന്‍ഡ് കറക്ഷനല്‍ സര്‍വീസ് വിഭാഗത്തില്‍ സുനില്‍ എസ് കുമാര്‍, എം.കെ മോഹന്‍ദാസ് എന്നിവര്‍ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ആകെ 1,057 ഉദ്യോഗസ്ഥർക്ക് ഗാലൻട്രി- സർവീസ് മെഡലുകൾ സമ്മാനിക്കും.