Image Credit : Twitter

ഭര്‍ത്താവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ബരാമതിയിലാണ് ക്രൂരകൃത്യം നടന്നത്. ഉറക്കഗുളിക കൊടുത്ത് ഭര്‍ത്താവിനെ രണ്ട് ദിവസത്തോളം ഉറക്കിക്കിടത്തിയ ശേഷമാണ് ഭാര്യ മര്‍ദിച്ച് അവശനാക്കി ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചത്. മൃതദേഹം കുഴിച്ചിടാനായി വീടിനുളളില്‍ തന്നെ പ്രത്യേക കുഴിയും ഭാര്യ പണിയിച്ചിരുന്നു. സംഭവത്തില്‍ 38കാരിയായ ശർമിള പ്രവീൺ ജഗ്താപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ 30നാണ് ശർമിള കൊലപാതക ആസൂത്രണം തുടങ്ങിയത്. രണ്ട് തവണ ശ്രമം പാളിപ്പോയെങ്കിലും മൂന്നാമത്തെ തവണ ഭർത്താവ് പ്രവീൺ ശര്‍മിളയുടെ ചതിക്കുഴിയില്‍ വീണു. മെഡിക്കല്‍ ഷോപ്പില്‍ നിന്നും വീര്യം കൂടിയ ഉറക്കഗുളിക വാങ്ങിയ ശര്‍മിള ഭര്‍ത്താവ് പ്രവീണ്‍ ജഗ്താപിന് ജ്യൂസില്‍ കലര്‍ത്തി നല്‍കി. തുടര്‍ന്ന് രണ്ട് ദിവസത്തോളം പ്രവീണ്‍ അബോധാവസ്ഥയില്‍ കിടന്നുറങ്ങി. മൂന്നാമത്തെ ദിവസം ഉറക്കമുണര്‍ന്ന പ്രവീണിനെ ശര്‍മിള ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് പൊതിരെ തല്ലി അവശനാക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 

ഇതിനിടയില്‍ മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാന്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ പണിക്കാരെ കൊണ്ട് ഒരു ചെറിയ അറയും ശര്‍മിള പണിയിച്ചിരുന്നു. അവശനിലയിലായ പ്രവീണിനെ അറയില്‍ കിടത്തിയ ശേഷം കനംകൂടിയ വലിയ സ്ലാബ് ഉപയോഗിച്ച് ശര്‍മിള അറ മൂടി. ഇതിനിടയില്‍ സ്ലാബ് അനങ്ങുന്ന ശ്രദ്ധയില്‍പ്പെട്ട പണിക്കാരാണ് ശര്‍മിളയുടെ പ്രവര്‍ത്തിയില്‍ എന്തോ ദുരൂഹതയുണ്ടെന്ന് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി വീടിനകത്ത് നടത്തിയ പരിശോധനയില്‍ അറയ്ക്കകത്ത് നിന്ന് പ്രവീണിനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ പ്രവീണിനൊപ്പം താമസിച്ചിരുന്ന പ്രവീണിന്‍റെ അമ്മയ്ക്കും ശര്‍മിള ഉറക്കഗുളിക നല്‍കിയിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയ്ക്ക് ദുര്‍മന്ത്രവാദത്തില്‍ വിശ്വാസമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച പ്രവീണ്‍ കലണ്ടറില്‍ ശര്‍മിള കുറിച്ച രണ്ട് തിയതികള്‍ പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. കലണ്ടറില്‍ രണ്ട് പൗര്‍ണമി നാളുകളിലായി സംഭവം നടന്നില്ല എന്ന് ശര്‍മിള കുറിച്ചത് പ്രവീണിനെ കൊല്ലാനുളള ശ്രമങ്ങളെ കുറിച്ചായിരിക്കാം എന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തില്‍ ശര്‍മിളയെ അറസ്റ്റ് ചെയ്തെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ENGLISH SUMMARY:

Attempted murder wife arrested in Maharashtra after she attempted to bury her husband alive. The wife drugged her husband with sleeping pills for two days before assaulting him and trying to bury him in a pit she had prepared inside her house.