അഞ്ച് മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഗ്രേറ്റർ നോയിഡയിലെ രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട്. വിമാനത്താവളത്തിന്റെ പാർക്കിങ് കേന്ദ്രത്തിലും ടെർമിനലിലേക്കുള്ള പാതയിലുമാണ് മഴവെള്ളം കെട്ടിക്കിടന്നത്.
11,200 കോടി രൂപ ചെലവിൽ നിർമിച്ച വിമാനത്താവളത്തിന്റെ ഡ്രെയിനേജ് സംവിധാനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് സംഭവത്തിന് പിന്നാലെ ഉയർന്നിരിക്കുന്നത്. വിമാനത്താവളത്തിൽ വലിയ അളവിൽ വെള്ളം കെട്ടിക്കിടക്കുന്നതും അത് നീക്കം ചെയ്യാൻ ജീവനക്കാർ രംഗത്തിറങ്ങിയിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻതോതിലുള്ള ട്രോളുകളും വിമർശനങ്ങളുമാണ് ഉണ്ടാകുന്നത്. വിമാനത്താവളവും തുറമുഖവും ഒരേസ്ഥലത്താണെന്നും ഇത് 'വികാസ് ഗംഗ'യാണെന്നും വിമാനത്താവളത്തിൽ നീന്തൽക്കുളം കൂടി ഒരുക്കിയിട്ടുണ്ടെന്നും തുടങ്ങി നിരവധി പരിഹാസങ്ങളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
രാഷ്ട്രീയ തലത്തിലും സംഭവം വലിയ ചർച്ചയായിട്ടുണ്ട്. "വിമാനത്താവളത്തിൽ ഇനി ബോട്ട് സർവീസ് നടത്തുമോ?" എന്നായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം. ആദ്യ മഴയിൽ തന്നെ എയർപോർട്ട് ചോർന്നൊലിച്ചതിനെതിരെ ആം ആദ്മി പാർട്ടിയും (എഎപി) രംഗത്തുവന്നു. കേന്ദ്ര സർക്കാരിന്റെ അഴിമതിയും ഗുണനിലവാരമില്ലായ്മയുമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നതെന്ന് എഎപി കുറ്റപ്പെടുത്തി.
അതേസമയം, സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി നോയിഡ രാജ്യാന്തര വിമാനത്താവള അധികൃതർ രംഗത്തെത്തി. വളരെ ചെറിയ സമയത്തിനുള്ളിൽ പെയ്ത അതിതീവ്ര മഴയാണ് വെള്ളം കയറാൻ കാര്യമെന്നും, മുപ്പത് മിനിറ്റിൽ താഴെ സമയംകൊണ്ട് വെള്ളം പൂർണ്ണമായി നീക്കം ചെയ്തതായും അധികൃതർ വ്യക്തമാക്കി.