കർണാടകയിലെ എസ്ഐആർ നടപടികൾക്കിടെ വോട്ടർ പട്ടികയിൽ നിന്ന് തന്‍റെ പേര് വെട്ടിയെന്ന ആരോപണവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ ഒരാളാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.
"പ്രിയ സുഹൃത്തുക്കളെ, നിങ്ങളോട് ഒരു തമാശ പറയാനുണ്ട്. എസ്ഐആർ നടപടികൾക്കിടെ ബെംഗളൂരു മണ്ഡലത്തിൽ നിന്ന് വോട്ടവകാശം റദ്ദാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് ഞാൻ. നല്ല തമാശതന്നെ, അല്ലേ? . ഈ മണ്ഡലത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. എന്റെ സ്കൂൾ, കലാലയ പഠനവും നാടക പ്രവർത്തനങ്ങളും ഇവിടെയായിരുന്നു. ഈ മണ്ഡലത്തിലെ എംപി സ്ഥാനാർത്ഥി കൂടിയായിരുന്നു പ്രകാശ് രാജ് എന്ന ഞാൻ. എന്ത് തന്നെയായാലും ഈ തമാശ നന്നായിട്ടുണ്ട്. ഗെയിം ഓൺ," - പ്രകാശ് രാജ് വിഡിയോയില്‍ പറഞ്ഞു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രലിൽ നിന്ന് സ്വതന്ത്രനായാണ് പ്രകാശ് രാജ് മത്സരിച്ചിരുന്നത്. ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശമുണ്ടെന്ന ആരോപണത്തില്‍ അടുത്തിടെ ബെംഗളൂരു കോടതി പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.