VandeMataram

വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തില്‍വിവാദം കത്തുന്നു. വന്ദേമാതരം  മുഴുവന്‍ ആലപിക്കണമെന്ന് നിര്‍ദേശം നല്കിയിട്ടില്ലെന്ന് ലോക്ഭവന്‍ വ്യക്തത വരുത്തി. വന്ദേമാതരം മുഴുവന്‍ ആലപിക്കില്ലെന്നാണ് സര്‍ക്കാര്‍ നയമെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കിയപ്പോള്‍ തുടര്‍ നടപടി വേണ്ടെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജി  വകുപ്പിനോട്  നിര്‍ദേശിച്ചു. 

എല്ലാം ലോക്ഭവന്‍ നിര്‍ദേശ പ്രകാരമെന്ന് ധ്വനിപ്പിക്കുന്നതായിരുന്നു മന്ത്രി എന്‍. ഷംസുദ്ദീന്‍റെ ഇന്നലത്തെ പ്രതികരണം. എന്നാല്‍, അങ്ങനെയൊരു നിര്‍ദ്ദേശമേ നല്കിയിട്ടില്ലെന്ന് വ്യക്തമാക്കി ലോക്ഭവന്‍ കൈകഴുകി. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത് ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരമല്ലെന്നും ലോക്ഭവന്‍ വ്യക്തത വരുത്തി. സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഘര്‍ ഘര്‍ തിരംഗ പരിപാടിയില്‍ വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്കിയ കത്തില്‍ ഇതോടെ വിവാദം പുകയുകയാണ്. വന്ദേമാതരം പൂര്‍ണമായി പാടുന്നതിന് എതിരാണ് സര്‍ക്കാര്‍ നിലപാട് എന്നിരിക്കെയാണ് പൂര്‍ണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി കത്ത് നല്കിയത്. ഇതിനിടെ ആഘോഷങ്ങളുടെ ഏകോപനച്ചുമതലയുളള തദ്ദേശ വകുപ്പിനോട്  ചീഫ് സെക്രട്ടറിയുടെ കത്തില്‍ തുടര്‍ നടപടി വേണ്ടെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജി നിര്‍ദേശിച്ചു. 

തദ്ദേശവകുപ്പ് ഡയറക്ടര്‍ നാളെ ഓണ്‍ലൈനായി വിളിച്ചിട്ടുള്ള യോഗത്തില്‍ കലക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തത നല്‍കും. വന്ദേമാതരം മുഴുവന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് കെ. മുരളീധരന്‍. കാവിവല്‍ക്കരണമാണ് നടക്കുന്നതെന്ന്  പി. രാജീവ്. വിവാദം പുകയുമ്പോള്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ കത്ത് ചീഫ് സെക്രട്ടറി നല്കിയതെങ്ങനെ ആരുടെ നിര്‍ദ്ദേശപ്രകാരമെന്ന് വരും മണിക്കൂറുകളില്‍ സര്‍ക്കാരിന് വിശദീകരിക്കേണ്ടി വരും.

ENGLISH SUMMARY:

Vande Mataram controversy surrounds a Chief Secretary's letter suggesting the full rendition of the national song. However, Lok Bhavan has clarified that no such directive was issued, leading to a heated debate about the government's stance and the authenticity of the letter.