പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍ പഞ്ചാബില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ അടക്കം 9 പേര്‍ അറസ്റ്റില്‍. പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് നിരീക്ഷണം നടത്തി, ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലേക്ക് അയച്ചു എന്നതാണ് പ്രധാന ആരോപണം. അതേസമയം ജന്തര്‍ മന്തറില്‍ പാക് ഐഎസ്ഐ അട്ടിമറിക്ക് ശ്രമിച്ചുവെന്ന നിര്‍ണായക വിവരങ്ങള്‍ പഞ്ചാബ് പൊലീസ് പങ്കുവച്ചു.
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ ആക്രമണത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐ പദ്ധതിയിട്ടെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി. പെട്രോള്‍ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. പൊലീസടക്കം സുരക്ഷാ സേനാംഗങ്ങളായിരുന്നു ജന്തര്‍ മന്തറിലെ ഇവരുടെ ലക്ഷ്യം. ഡല്‍ഹിയില്‍ നിന്നാണ് പെട്രോള്‍ ബോംബ് നിര്‍മാണ വസ്തുക്കള്‍ സംഘടിപ്പിച്ചത്.
ഡല്‍ഹിയില്‍നിന്ന് സംഘത്തിന് സഹായം ലഭിച്ചെന്ന് അമൃത്സര്‍ പൊലീസ് കമ്മിഷണര്‍ ഗുര്‍പ്രീത് സിങ് ഭുല്ലര്‍ പറഞ്ഞു. എട്ടുപേരടങ്ങുന്ന സംഘം ജന്തര്‍ മന്തര്‍ സന്ദര്‍ശിച്ച് തിരികെ മടങ്ങുമ്പോള്‍ പഞ്ചാബ് പൊലീസ് പിടികൂടിയതുകൊണ്ട് അട്ടിമറി നടന്നില്ല. പാക് ചാരസംഘടനയുമായി ബന്ധമുള്ള രണ്ട് ഭീകര മൊഡ്യൂകളുകളാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്. പിടിയിലായ ഒന്‍പതുപേരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ഒരുസംഘം റയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപം സിസിടിവി സ്ഥാപിച്ച് ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലേക്ക് അയച്ചുകൊടുത്തെന്നും കണ്ടെത്തി. നേരത്തെ, ബംഗാളില്‍നിന്ന് പിടിയിലായ ജയ്ഷെ മുഹമ്മദ് ഭീകരനും ജന്തര്‍ മന്തറില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി ബംഗാള്‍ പൊലീസ് അറിയിച്ചിരുന്നു.