തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍റെ അറസ്റ്റില്‍ തമിഴ്നാട് രാഷ്ട്രീയം കത്തുന്നു. ഉദയനിധിയുടെ അറസ്റ്റോടെ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഉദയനിധിയെ കൊണ്ടുപോയ പൊലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്‍റെ വാതില്‍ക്കലെത്തിയ ഉദയനിധി പ്രവര്‍ത്തരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
അതേസമയം പ്രസംഗത്തില്‍ താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും മോശമായി സംസാരിച്ചിട്ടുമില്ലെന്നും ഉദയനിധി പറഞ്ഞു. അനന്തരഫലങ്ങൾ നേരിടാൻ ഞാൻ തയ്യാറാണ്, അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രതികാരമാണെന്ന് വിചാരിക്കുന്നില്ലെന്നും അവര്‍ വിഡ്ഢികളാണെന്നും ഭരണപക്ഷത്തെ ഉന്നമിട്ട് പ്രതിപക്ഷനേതാവ് പറഞ്ഞു.
ചെന്നൈയിലെ നീലംകരൈയിലെ വസതിയിലെത്തിയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഈ സമയം മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇവരുമായി ഏറെ നേരെ സംസാരിച്ചതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ഉദയനിധിയുടെ പ്രസ്താവന വെറുപ്പുളവാക്കുന്നതും, അശ്ലീലവും, കുറ്റകരവും, ലജ്ജാകരവുമാണെന്ന് തമിഴ്‌നാട് ബിജെപി മുഖ്യ വക്താവ് നാരായണൻ തിരുപ്പതി എക്‌സിൽ കുറിച്ചു. 'ഒരു ഗുണ്ടയോ കള്ളനോ പോലും തന്‍റെ അമ്മയോടോ, ഭാര്യയോടോ, മകളോടോ ഇത്രയും താഴ്ന്ന ഭാഷയിൽ സംസാരിക്കില്ല. അത്തരം പരാമർശങ്ങൾ നടത്തുന്നവരോട് ഒരു അമ്മയോ, ഭാര്യയോ, മകളോ ക്ഷമിക്കില്ല' എന്ന് ബിജെപി നേതാവ് അഭിപ്രായപ്പെട്ടു. ഉദയനിധിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ തഞ്ചാവൂരില്‍ കാവേരി വിഷയത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ തൃഷയെ ഉന്നമിട്ടായിരുന്നു ഉദയനിധിയുടെ മോശം പരാമര്‍ശം. വിജയ്‌ക്കെതിരെയുള്ള വിമര്‍ശനത്തിനിടെ സദസില്‍ ഇരുന്നവര്‍ തൃഷയുടെ പേര് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. പിന്നാലെയായിരുന്നു ഉദയനിധി ദ്വയാര്‍ഥ പരാമര്‍ശം നടത്തിയത്. ഉദയനിധിക്കെതിരെ ദേശീയ വനിതാ കമ്മിഷനും ടിവികെ പ്രവര്‍ത്തകര്‍ പരാതി നല്‍കി.