Untitled design - 1

TOPICS COVERED

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളിൽ ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസായിരുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു

 

മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സയ്ക്കായി പത്ത് ദിവസം മുമ്പ് ഭിവണ്ടിയിലെ കാൻസർ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും മകൻ വിക്രമാദിത്യയും ഉൾപ്പെടുന്നതാണ് കുടുംബം. നടൻ യശ്പാൽ ശർമ ഇൻസ്റ്റഗ്രാമിലൂടെ പ്രദീപ് റാവത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

 

മുപ്പത് വർഷത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ  ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ പ്രദീപ് റാവത്ത് അവതരിപ്പിച്ചു. 2005-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഗജിനിയിലെ ക്രൂരനായ വില്ലൻ കഥാപാത്രമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടതിനെ തുടർന്ന് 2008-ൽ ആമിർ ഖാൻ നായകനായ ഹിന്ദി റീമേക്കിലും അതേ വേഷം അദ്ദേഹം വീണ്ടും അവതരിപ്പിച്ചു. അതിന് മുമ്പ് 2001-ൽ പുറത്തിറങ്ങിയ 'ലഗാൻ' എന്ന ചിത്രത്തിലും ആമിർ ഖാനോടൊപ്പം അഭിനയിച്ചു. ചൈന ടൗണ്‍, കസിന്‍സ്, ഇത് പാതിരാമണല്‍ എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍.  

 

ബി.ആർ. ചോപ്രയുടെ ഇതിഹാസ ടെലിവിഷൻ പരമ്പരയായ 'മഹാഭാരത്' എന്ന സീരിയലിൽ ദ്രോണാചാര്യന്റെ മകനായ അശ്വത്ഥാമാവിനെ അവതരിപ്പിച്ചതോടെയാണ് പ്രദീപ് റാവത്ത്  സുപരിചിത മുഖമായത്. 1985-ൽ പുറത്തിറങ്ങിയ 'മേരി ജംഗ്' ആയിരുന്നു സിനിമയിലെ അരങ്ങേറ്റമെങ്കിലും, മഹാഭാരതത്തിലെ കഥാപാത്രമാണ് അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തത്. 

 

സംവിധായകൻ എസ്.എസ്. രാജമൗലിയുടെ 'സ്യേ' (2004) എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപ് റാവത്തിന്റെ തെലുങ്ക് സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കേറിയ വില്ലൻ നടന്മാരിൽ ഒരാളായി അദ്ദേഹം മാറി. ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രദീപ് റാവത്തിന്റെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ENGLISH SUMMARY:

Pradeep Rawat, the acclaimed actor known for his powerful villainous roles, including the antagonist in the film Ghajini, has passed away at the age of 74. He was undergoing treatment for cancer and was a familiar face in various Indian film industries.