Untitled design - 1

കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍, മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്‍പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.

റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും പ്രവർത്തിക്കാം. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.  കണ്ണൂരിലും കോഴിക്കോടും പ്രഫഷനല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. കേരള സര്‍വകലാശാലയുടെ വൈവ, പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി. പഠനവകുപ്പുകളിലെ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല

താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളിൽ തന്നെ അതീവ ജാഗ്രത പുലർത്തണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

Also Read: ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതല്‍ ആറാംതീയതി വരെ ശക്തമായ കാറ്റിന് സാധ്യത; വേണം ജാഗ്രത

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയത്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ വ്യാഴാഴ്ച വരെ ഖനനത്തിന് വിലക്കേർപ്പെടുത്തി. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണമുണ്ട്. കേന്ദ്ര ജലകമ്മീഷൻ അച്ചൻകോവിൽ, മീനച്ചിലാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കരമന, പമ്പ, കരുവന്നൂർ, ഗായത്രി പുഴകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി വരെ മഴ തുടരുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 25 പേർ മരിച്ചു.

ENGLISH SUMMARY:

Kerala rain alert has been issued for tomorrow, with education institutions in 10 districts declared holidays due to heavy rainfall warnings. This precautionary measure aims to ensure the safety of students and staff amidst the severe weather conditions.