പ്രതിസന്ധികളും കാലാവസ്ഥാ വെല്ലുവിളികളും മറികടന്ന് സോജിലാ തുരങ്കത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. കശ്മീര്‍ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ദേശീയപാത ഒന്നിലെ സോജിലാ തുരങ്കം സൈന്യത്തിന് അത്രയേറെ പ്രധാനപ്പെട്ടതാണ്. പതിമൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ ഏഴായിരം കോടി രൂപ ചെലവിലാണ് തുരങ്കം നിര്‍മിക്കുന്നത്. 

കൊടുംശൈത്യത്തില്‍ കുറഞ്ഞത് ആറുമാസം അടച്ചിടുന്ന ദേശീയപാത ഒന്നിലെ, സോജിലാ പാസ്. സമുദ്രനിരപ്പില്‍നിന്ന് 11,575 അടി ഉയരം. ഒരു വശം ചെത്തിവച്ച പോലെ കൂറ്റന്‍ പര്‍വതങ്ങള്‍. മറുവശം കൊക്ക. കശ്മീരിലെ ഗണ്ഡര്‍ബാല്‍ പിന്നിട്ട് ലഡാക്കിലേക്ക് കടക്കുന്ന പ്രധാന കവാടമാണിവിടം. ശ്രീനഗറിനെ ദ്രാസുമായും കാര്‍ഗിലുമായും ലേയുമായും ലഡാക്കുമായും ബന്ധിപ്പിക്കുന്ന ദേശീയപാത ഒന്ന് സോജിലാ പാസ് വഴി കടന്നുപോകുന്നു. 

സോജിലാ പാസിലാണ് തുരങ്ക നിര്‍മാണം നടക്കുന്നത്. റോഡുമാര്‍ഗം സിയാച്ചിനിലേക്കും ലഡാക്കിലെ ചൈനീസ് അതിര്‍ത്തി വരെ യുദ്ധോപകരണങ്ങളും സൈനിക സാമഗ്രികളും എത്തിക്കുന്ന പ്രധാന പാതയിലെ തുരങ്കം രാജ്യത്തിന് അത്രയും പ്രധാനപ്പെട്ടതാണ്. തുരങ്ക നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വര്‍ഷം മുഴുവനും ദേശീയപാത ഒന്നിലൂടെ ലഡാക്കിലേക്കും തിരിച്ചും യാത്ര ചെയ്യാം. സൈന്യത്തിന് മാത്രമല്ല, ജനങ്ങള്‍ക്ക് വേണ്ട സാധാന സാമഗ്രികള്‍ മുടക്കം കൂടാതെ എത്താനും സോജിലാ പാസിലെ തുരങ്കം സഹായിക്കും. ഇന്ത്യന്‍ സൈന്യത്തിന്‍റെ നീക്കങ്ങള്‍ക്ക് പ്രധാനപ്പെട്ട സോജിലാ പാസിലെ തുരങ്ക നിര്‍മാണം തടസ്സപ്പെടുത്താന്‍ ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നു. 2024 ഒക്ടോബറില്‍ സോനാമാര്‍ഗിലെ തൊഴിലാളി ക്യാംപില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. 

ENGLISH SUMMARY:

Sojila Tunnel construction is nearing completion, overcoming challenges and climate issues. This vital tunnel connecting the Kashmir Valley with Ladakh on National Highway 1 is crucial for the army.