അഹമ്മദാബാദിലെ എയർ ഇന്ത്യ അപകടത്തിൽ ഉൾപ്പെട്ട വിമാനത്തിന്റെ ഫ്യുവൽ കൺട്രോൾ സ്വിച്ചിൽ തകരാറില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം. യുഎസിലെ സിയാറ്റിലിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിലും ഘടനാപരമായ സ്ഥിരതയിലും പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
ജെബി മേത്തർ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രവ്യോമയാന സഹമന്ത്രി ഇക്കാര്യം അറിയിച്ചത്. അന്വേഷണം വൈകിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അന്തിമ റിപ്പോർട്ട് എഎഐബി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ത്രസ്റ്റ് കൺട്രോൾ മോഡ്യൂളിന്റെ കൂടുതൽ പരിശോധനകൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
2025 ജൂൺ 12ന് ഉച്ചയ്ക്ക് ഒന്നരയോടെ അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‍വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എഐ171 ബോയിങ് ഡ്രീംലൈനർ വിമാനമാണ് 32 സെക്കൻഡിനുള്ളിൽ സമീപത്തെ മെഡിക്കൽ കോളജ് ഹോസ്റ്റൽ സമുച്ചയത്തിലേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തിൽ മരിച്ച 260 പേരിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. യാത്രക്കാരിൽ ഒരാൾ മാത്രം രക്ഷപ്പെട്ടു.
ഒരു സെക്കൻഡിന്റെ ഇടവേളയിലാണ് വിമാനത്തിന്റെ 2 ഇന്ധന സ്വിച്ചുകളും ഓഫ് ആയത്. ഇത് പൈലറ്റുമാർ മനഃപൂർവം ചെയ്തതാണോ അതോ അബദ്ധവശാലോ സാങ്കേതികത്തകരാർ മൂലം സംഭവിച്ചതാണോയെന്നു പ്രാഥമിക റിപ്പോർട്ട് പറയുന്നില്ല. അതുകൊണ്ടുതന്നെ അപകടം നടന്ന് ഒരു മാസത്തിനുള്ളിൽ എഎഐബി പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോർട്ട് കൂടുതൽ ചോദ്യങ്ങൾക്കാണ് വഴിവച്ചത്. ഇന്ധന സ്വിച്ചുകൾ എന്തിനാണ് ഓഫ് ചെയ്തതതെന്ന് ഒരു പൈലറ്റ് മറ്റേയാളോടു ചോദിക്കുന്ന കോക്പിറ്റ് സംഭാഷണം ഭാഗികമായി പുറത്തുവിട്ടതും ദുരൂഹത വർധിപ്പിച്ചു. പൈലറ്റുമാരെ ആരോപണനിഴലിലാക്കി വിമാനനിർമാതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് ആരോപണമുയർന്നു.വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്കരാജ് സബർവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.