ഇ–20 ഇന്ധനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എഥനോള്‍ കലര്‍ത്തിയ ഇന്ധനം സാധാരണ പെട്രോളിന് പകരം പ്രധാന ഇന്ധനമാക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വാദങ്ങളുയര്‍ത്തുമ്പോഴും ഇന്ധനം മൈലേജ് കുറയ്ക്കുന്നെന്നും വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുന്നുവെന്നും വന്‍തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനിടെ കേന്ദ്രത്തിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് രാജ്യസഭയില്‍ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടി.
തിങ്കളാഴ്ച രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി നീരജ് ഡാംഗിയുടെ ചോദ്യത്തില്‍ സുരേഷ് ഗോപി രേഖാമൂലം നല്‍കിയ മറുപടിയില്‍ ഇ–20 ഇന്ധനവുമായി പൊരുത്തപ്പെട്ട് പോകുന്ന എത്ര വാഹനങ്ങള്‍ രാജ്യത്തിലുണ്ടെന്ന് പെട്രോളിയം മന്ത്രാലയം വിലയിരുത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇതോടെ ഇന്ധനം അടിച്ചേല്‍പ്പിക്കാന്‍ ധൃതികൂട്ടുന്ന കേന്ദ്രനയത്തിനെതിരെ വീണ്ടും ചോദ്യമുയരുകയാണ്.
ഇനി 'ശുദ്ധമായ പെട്രോള്‍' കിട്ടില്ല; ഇ20 അടിച്ചാല്‍ മൈലേജ് കുറയാം, പക്ഷേ എന്‍ജിന്‍ കേടാകില്ലെന്ന് കേന...
കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് തമാശ രൂപേണ രൂപികരിച്ച കൊക്രോച്ച് ജനതാ പാര്‍ട്ടിയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇ–20 ഇന്ധനത്തിനെതിരെ എഥനോള്‍ ജനതാ പാര്‍ട്ടി എന്ന പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. ഇത്തരം സമ്മര്‍ദങ്ങളുയരുന്നതിനിടയ്ക്കാണ് കേന്ദ്രമന്ത്രിയുടെ മറുപടി. ഇത് കേന്ദ്രത്തിന് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് നിഗമനം.
മുന്‍പ് ഇ–20 പെട്രോള്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി പുരോഗമിച്ചതുമാണെന്ന് കേന്ദ്രം വാദിച്ചിരുന്നു. എഥനോളില്ലാത്ത പെട്രോളിലേക്ക് തിരികെ പോകാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പാര്‍ലമെന്‍റിലും വ്യക്തമാക്കിയിരുന്നു.