• കേരളത്തിൽ എയിംസ് വരുമെന്നതിൽ ഉറച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്ത് എയിംസിന് തറക്കല്ലെങ്കിലും ഇടാത്തെ താൻ വോട്ട് ചോദിച്ച് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കേരളത്തിൽ എയിംസ് വരുമെന്നതിൽ ഉറച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്ത് എയിംസിന് തറക്കല്ലെങ്കിലും ഇടാത്തെ താൻ വോട്ട് ചോദിച്ച് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് എയിംസ് തരില്ലെന്ന് കേന്ദ്രം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 

തറക്കലിടാതെ താൻ വോട്ട് ചോദിച്ച് വരില്ലെന്ന് പറയുന്നതിൽ പരം എന്ത് വാക്കാണ് തന്റെ അടുത്തുനിന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അനുയോജ്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് എയിംസ് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കുന്നത് തങ്ങളുടെ മുൻഗണനാ പട്ടികയിൽ നിലവിലില്ല എന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി. 

എയിംസ് വരണമെങ്കിൽ അഞ്ച് സ്ഥലങ്ങൾ എങ്കിലും കണ്ടെത്തി സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കൈമാറേണ്ടതുണ്ട്. എന്നാൽ സർക്കാർ ഇതുവരെയും അതിന് തയ്യാറായിട്ടില്ലെന്നും അതില്ലാത്തപക്ഷം എയിംസ് വരാതിരുന്നാൽ കാരണക്കാർ സംസ്ഥാന സർക്കാർ മാത്രമായിരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. 

ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് എയിംസ് വിഷയത്തിൽ കേരളത്തെ കേന്ദ്രം അവഗണിക്കുന്നതെന്ന ആരോപണവും സുരേഷ് ഗോപി തള്ളി. കൃത്യമായ സമയത്ത് കേരളത്തിൽ എയിംസ് വരുമെന്ന് തന്നെയാണ് എംപിമാരുടെ ചോദ്യത്തിന് ജെ.പി.നഡ്ഡ കൊടുത്ത മറുപടിയെന്നും എയിംസ് വരില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ആരോഗ്യരംഗത്ത് മുന്നിലാണെന്നത് കേരളത്തിന് എയിംസ് നിഷേധിക്കാനുള്ള അയോഗ്യതയാണോ എന്ന് കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. കാസർകോട്ടെ ഒരു ജനകീയ കൂട്ടായ്മ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രസർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം.

അതേസമയം  പി.എം.എസ്.എസ്.വൈ പദ്ധതിയുടെ കീഴിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന കാര്യം ഇതുവരെ ഒരു കേന്ദ്ര ബജറ്റിലും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ പദ്ധതി കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും, 2030-31 വർഷത്തെ പദ്ധതിക്ക് അനുമതി ലഭിച്ചാൽ മാത്രമേ ഇനി ഇതിലൊരു ആലോചന നടക്കുകയുള്ളൂ എന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.

ENGLISH SUMMARY:

Union Minister of State Suresh Gopi firmly asserted that AIIMS will be established in Kerala and vowed not to ask for votes without at least laying its foundation stone. Reacting to controversies surrounding the Centre's statement in the High Court, he clarified that the Union Government has never refused AIIMS to the state. He blamed the Kerala government for failing to identify and submit at least five suitable land options required for setting up the institute. Rebuffing claims of discrimination, Suresh Gopi reiterated Union Health Minister J.P. Nadda's assurance that AIIMS will indeed come to Kerala at the right time