കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമര്‍ശമാണ് ‘കോക്രോച്ച് ജനതാപാര്‍ട്ടി’ പാര്‍ട്ടിക്ക് തുടക്കം കുറിക്കുന്നത്. ഒരു ഹര്‍ജിയുടെ വാദത്തിനിടെയാണ് ‘പാറ്റകളെപ്പോലെ കുറേ യുവാക്കളുണ്ട്. ഒരു തൊഴിലുമില്ലാത്ത അവര്‍ മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും ആര്‍ടിഐ ആക്ടിവിസ്റ്റുകളുമെല്ലാമാകും. ഭരണസംവിധാനത്തെ ആക്രമിക്കും’ എന്ന് പരാമര്‍ശിക്കുന്നത്. പരാമര്‍ശം വിവാദമാകുകയും യുവാക്കള്‍ക്കിടയില്‍ വലിയ രോഷത്തിന് കാരണമാകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തന്‍റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സൂര്യകാന്ത്.
തന്‍റെ ‘കോക്രോച്ച്’ പരാമര്‍ശം, വ്യാജ ഡിഗ്രി ഉപയോഗിച്ചും പിന്‍വാതിലിലൂടെയും അഭിഭാഷക ജോലിയിലേക്ക് കടന്നുവരുന്നവരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നാണ് ‘ദി ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തില്‍ സൂര്യകാന്ത് പറഞ്ഞത്. വ്യാജ നിയമ ബിരുദധാരികളുടെ വിഷയം ബാർ കൗൺസിൽ ഓഫ് ഇന്ത്യ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും ആ പശ്ചാത്തലത്തിലാണ് താൻ അത്തരം പരാമർശം നടത്തിയതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
രാജ്യത്തെ യുവജനങ്ങളോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും അവരില്‍ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങൾക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ സുപ്രീം കോടതിയുടെ വാതിലുകൾ എപ്പോഴും അവർക്കായി തുറന്നിട്ടിട്ടുണ്ടെന്നും ഭരണഘടനയുടേയും നിയമത്തിന്‍റെയും അടിസ്ഥാനത്തിൽ അവയ്ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 15-ലെ പരാമർശത്തെ തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നതിന് പിന്നാലെ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്‍റെ ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം യുവാക്കളെ പ്രത്യേകിച്ച് ജെന്‍ സീകളെ പ്രകോപിപ്പിക്കുകയായിരുന്നു. പിന്നാലെ അവര്‍ സമൂഹമാധ്യമങ്ങളില്‍ ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. പരാമര്‍ശം വന്നതിന്‍റെ പിറ്റേന്നാണ് അഭിജിത് കോക്രോച്ച് ജനതാപാര്‍ട്ടി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജും വെബ്സൈറ്റും ആരംഭിക്കുന്നത്. ‘വോയിസ് ഓഫ് ദ് ലേസി ആന്‍ഡ് അണ്‍എംപ്ലോയ്ഡ്’ എന്ന ടാഗ് ലൈനോടെ രൂപം കൊണ്ട സിജെപി, വെറുതേ വന്ന് ഹൈപ്പുണ്ടാക്കുകയായിരുന്നില്ല എന്ന് തെളിയിക്കുകയാണ് ഇന്ന്. അവര്‍ക്ക് പറയാന്‍ കൃത്യമായ കാര്യങ്ങളുണ്ട്, ആവശ്യങ്ങളുമുണ്ട്.